Crime

സ്വന്തം മകളെ ഭർത്താവിന് പീഡിപ്പിക്കാൻ അവസരമൊരുക്കി; 11-കാരി വീട്ടിനുള്ളിൽ പ്രസവിച്ച ക്രൂരതയിൽ അമ്മ കുറ്റക്കാരി

സ്വന്തം ഭർത്താവ് പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ വഴിവിട്ട സഹായം ചെയ്തുകൊടുത്ത കേസിൽ അമേരിക്കൻ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ ? യാതൊരുവിധ വൈദ്യസഹായവുമില്ലാതെ വീട്ടിനുള്ളിൽ വെച്ചുതന്നെ പ്രസവിക്കാൻ നിർബന്ധിതയായ ഈ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് സ്വന്തം വളർത്തച്ഛൻ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മസ്കോഗി കൗണ്ടി ജൂറിയാണ് ഒക്ലഹോമ നിവാസിയായ 34 കാരി ഷെറി ഡോൺ വാക്കറെ ബാലപീഡനത്തിന് ഒത്താശ ചെയ്തതിനും കുട്ടികളെ അവഗണിച്ചതിനുമായി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ഇവരുടെയും ഭർത്താവായ 35 കാരൻ ഡസ്റ്റിൻ ജോയൽ വാക്കറുടെയും പേരിൽ കഴിഞ്ഞ വർഷമാണ് ഈ കേസ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിക്ക് ഒരു വർഷത്തിലേറെയായി യാതൊരുവിധ വൈദ്യപരിശോധനയും നൽകിയിരുന്നില്ലെന്നും പെൺകുട്ടിയുടെ പ്രസവത്തിന് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ജനിച്ച കുഞ്ഞിന്റെ പിതാവ് ഡസ്റ്റിൻ തന്നെയെന്ന് 99 ശതമാനവും ഉറപ്പിച്ചത്. നേരത്തെ കുറ്റം സമ്മതിച്ച ഡസ്റ്റിന് 42 വർഷത്തെ തടവും അതിനുശേഷം ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിരുന്നു.

പതിനൊന്ന് വയസ്സുള്ള ഒരു കൊച്ചുകുട്ടി പ്രസവിച്ചു എന്ന വാ വാർത്ത കേട്ട് താൻ സ്തബ്ധയായിപ്പോയെന്നും, പ്രസവസമയത്ത് അവൾക്ക് കൂട്ടിരിക്കാനോ വൈദ്യസഹായം നൽകാനോ ആരും ഉണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ജാനറ്റ് ഹട്സൺ പറഞ്ഞു. ഈ പീഡനവിവരം പുറത്തറിയാതിരിക്കാനായി കുട്ടിയെ സ്കൂളിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

ആറു കുട്ടികൾ താമസിച്ചിരുന്ന ഈ വീട്ടിൽ രണ്ടുമൂന്ന് വർഷമായി പൈപ്പ് വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും വീടും പരിസരവും വളരെ വൃത്തിഹീനമായിരുന്നു എന്നും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വീട്ടിൽ എന്താണ് നടന്നിരുന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് പെൺകുട്ടിയുടെ മുത്തശ്ശി മിഷേൽ ജസ്റ്റസ് പറയുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഇവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതേസമയം, ഈ വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികളെ അധികൃതർ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *