Featured Spotlight

‘രാഷ്ട്രീയം നോക്കി വാ തുറന്നു’; ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം, ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ വീടിനു മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവിനോ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധവുമായി അവർ രംഗത്തെത്തിയത്.

കേരളത്തിലെ പി.എസ്.സി അഴിമതിക്കെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും, സ്വന്തം ജില്ലയായ തൃശൂരിൽ നഴ്‌സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കിയാണ് ഇപ്പോൾ വായ തുറന്നിരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.

ചെട്ടിപ്പറമ്പിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലെ വീടിന് മുന്നിൽ സംഘടിപ്പിച്ച ഈ പ്രതിഷേധം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു. ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോൻ, നേതാക്കളായ അഭിനവ്, രാഹുൽ, പ്രഫുൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇതിനു പിന്നാലെ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ പ്രകടനമായി എത്തി നടന് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, ഡൽഹി സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ ഗുരുവായൂരിൽ നേരിയ സംഘർഷം ഉണ്ടായി.റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *