Oddly News

കൗമാരക്കാരായ പ്രതികളെ ബോണറ്റിൽ കെട്ടിയിട്ട് പോലീസിന്റെ പ്രദര്‍ശനം, ചെരിപ്പൂരിയടിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ; വീഡിയോ വൈറൽ

പൂനെ: കാത്രജിൽ 17 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കൂട്ടിക്കെട്ടി തെരുവിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിവാദം.

മറ്റൊരു വീഡിയോയിൽ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ച് പ്രതികളിലൊരാളെ ചെരിപ്പൂരി അടിക്കുന്നതും കാണാം. പഴയ ശത്രുതയെത്തുടർന്ന് തിങ്കളാഴ്ച രാത്രി കാത്രജ് തടാകത്തിന് സമീപത്തുവെച്ച് ഏഴംഗ പ്രായപൂർത്തിയാകാത്ത സംഘം ഗണേഷ് രവീന്ദ്ര മാൽവെ (17) എന്ന കൗമാരക്കാരനെ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഭാരതി വിദ്യാപീഠ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കനത്ത മഴയത്ത് ആൾക്കൂട്ടത്തിന് നടുവിലൂടെ മൂന്ന് പ്രതികളെ പോലീസ് വാഹനത്തിന്റെ മുൻപിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസുകാർ നോക്കിനിൽക്കെ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ പ്രതികളിലൊരാളെ ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതികളെ ഇത്തരത്തിൽ പരസ്യമായി പ്രദർശിപ്പിച്ചതിനെക്കുറിച്ചോ പ്രചരിക്കുന്ന വീഡിയോകളെക്കുറിച്ചോ പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

മൊബൈൽ ഫോൺ റിപ്പയറിംഗ് ഷോപ്പിൽ നിന്നും വാങ്ങാനായി കാത്രജ് കട്ട ഹോട്ടലിന് സമീപമെത്തിയപ്പോഴാണ് ഗണേഷ് മാൽവെയ്ക്ക് നേരെ ആക്രമണമുണ്ടായതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മുൻപെയുണ്ടായിരുന്ന തർക്കങ്ങളുടെ പേരിൽ പ്രായപൂർത്തിയാകാത്ത പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത, ആംസ് ആക്ട്, മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *