Spotlight

അയോധ്യയില്‍ സരയു നദിയില്‍ ആട്ടിറച്ചി കഴിച്ചും മദ്യപിച്ചും യുവാക്കളുടെ ഉല്ലാസം ! വീഡിയോ വൈറല്‍

ലഖ്‌നൗ: അയോധ്യയില്‍ സരയു നദിയില്‍ ബോട്ടിലിരുന്ന്‌ ആട്ടിറച്ചി കഴിച്ചതിനും മദ്യപിച്ചതിനും നാലു പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുപ്‌താര്‍ ഘട്ടിലെ ബോട്ടില്‍ നാല്‌ യുവാക്കള്‍ മാംസം ഭക്ഷിക്കുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ്‌ നടപടി. വീഡിയോയില്‍ നാല്‌ യുവാക്കള്‍ ആട്ടിറച്ചി കഴിച്ചും മദ്യപിച്ചും ഉല്ലസിക്കുന്നത്‌ കാണാം.

പോലീസ് നൽകുന്ന വിവരമനുസരിച്ച് ലവകുഷ് നിഷാദ്, രാജ്കുമാർ നിഷാദ്, ജിതേന്ദ്ര നിഷാദ്, പവൻ നിഷാദ് എന്നിവരാണ് കസ്റ്റഡിയിലുള്ള നാല് പേർ. ഇവരെ നിലവിൽ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വൈറലായ വീഡിയോ പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അയോധ്യ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) ഡോ. ഗൗരവ് ഗ്രോവർ പറഞ്ഞു.

സരയൂ നദിയെ പവിത്രമായി കാണുന്ന ഭക്തരുടെ വിശ്വാസത്തെ പ്രതികൾ വ്രണപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി. സമീപമാസങ്ങളിൽ ഉത്തർപ്രദേശിൽ ഉണ്ടായ സമാനമായ മറ്റ് സംഭവങ്ങളുമായി ഈ കേസിന് സാദൃശ്യമുണ്ട്.

ജൂണില്‍, ഗംഗയില്‍ ഒരു ബോട്ടില്‍ ചിക്കന്‍ പാചകം ചെയ്യുന്നതും ബിയര്‍ കുടിക്കുന്നതും കാണിക്കുന്ന വീഡിയോയ്‌ക്ക്‌ ശേഷം വാരണാസിയില്‍ അഞ്ച്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മാര്‍ച്ചില്‍, ഗംഗയിലെ ഒരു ബോട്ടില്‍ ഇഫ്‌താര്‍ വിരുന്നിനിടെ ചിക്കന്‍ ബിരിയാണി കഴിക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന്‌, ഒരു ആരാധനാലയം അശുദ്ധമാക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്‌തതിനു 14 പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ബി.ജെ.പി. യുവമോര്‍ച്ചയുടെ സിറ്റി യൂണിറ്റ്‌ മേധാവി രജത്‌ ജയ്‌സ്വാള്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി സ്വീകരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *