കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തടവുകാർക്ക് വിവാഹം കഴിക്കാൻ രാജസ്ഥാൻ ഹൈക്കോടതി അനുമതി നൽകി. ജോധ്പൂർ മണ്ടോർ തുറന്ന ജയിലിലെ തടവുകാർക്കാണ് ഈ അപൂർവ ഭാഗ്യം കൈവന്നത്. വിവാഹ ചടങ്ങുകൾക്കായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 33കാരനായ തടവുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ ചരിത്രവിധി. ഈ മാസം 22-ന് ഇവരുടെ വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുള റാം ആണ് വരൻ. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സീമ ഗഡ്സെയാണ് വധു. സീമ നിലവിൽ 40 ദിവസത്തെ പരോളിൽ ജയിലിന് പുറത്താണ്. ജയിലിലാണെങ്കിൽ പോലും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന് ജസ്റ്റിസ് പുഷ്പേന്ദ്ര സിങ് ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നാഗർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ജയിലിലെ കൃഷിപ്പണിക്കിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും ആ സൗഹൃദം പിന്നീട് പ്രണയമായി മാറിയതും. തുടര്‍ന്ന് വിവാഹം കഴിക്കാനുള്ള ആഗ്രഹം ഇവർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. മുള റാമിന്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ അഭിഭാഷകനും ഈ വിവാഹത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. വിവാഹത്തിന് അനുമതി നൽകുന്നത് പ്രതികളുടെ മാനസിക മാറ്റത്തിനും പുനരധിവാസത്തിനും സഹായിക്കുമെന്നും, ഒരുമിച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ ഇത് അവർക്ക് അവസരമൊരുക്കുമെന്നും വരന്റെ അഭിഭാഷകരായ കാലു റാം ഭാട്ടിയും ശ്രാവൺ സിങ് റാത്തോഡും കോടതിയിൽ വാദിച്ചു.
വിവാഹ ചടങ്ങുകളുടെ മുഴുവൻ ചെലവും വരൻ തന്നെയാണ് വഹിക്കുന്നത്. ചടങ്ങിൽ കാർമ്മികത്വം വഹിക്കുന്ന പുരോഹിതനും ഒപ്പം ഇരുപത്തിയൊന്ന് ബന്ധുക്കൾക്കും പങ്കെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. പിതാവിനോട് ശത്രുതയുണ്ടായിരുന്ന അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ 2017 ഫെബ്രുവരി മുതൽ കസ്റ്റഡിയിലായിരുന്ന മുള റാമിന് 2023 ഓഗസ്റ്റിലാണ് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിനിയായ സീമ, വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 2016 മുതൽ ജയിലിലാണ്. 2019-ലാണ് കോടതി സീമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.




