ഗുരുഗ്രാമിലെ ദ്വാരക എക്സ്പ്രസ് വേയിൽ റിക്ഷയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ കാറിലേക്ക് തുളച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ടാക്സി കാർ യാത്രക്കാരെ നടുക്കിയ ഈ അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് ദണ്ഡുകളിൽ കാർ ഇടിക്കുകയും, നിയന്ത്രണം വിട്ട് കാറിന്റെ മുൻഗ്ലാസ് തകർത്ത് ഉള്ളിലേക്ക് കയറിയ കമ്പികൾ ഡ്രൈവറുടെ നെഞ്ചിൽ തറയ്ക്കുകയുമായിരുന്നു.
കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന നീളമുള്ള ഇരുമ്പ് കമ്പികൾ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും അപായ സൂചനകൾ നൽകാതെയുമാണ് റിക്ഷയിൽ കൊണ്ടുപോയിരുന്നത്. വാഹനത്തിന് പുറത്തേക്ക് അപകടകരമായ രീതിയിൽ നീണ്ടുനിന്നിരുന്ന ഈ കമ്പികളാണ് ദുരന്തത്തിന് കാരണമായത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന യുപി സ്വദേശി മരണപ്പെടുകയും, വാഹനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന്, അപകടകരമായി ലോഡ് കയറ്റിയ ഇ-റിക്ഷാ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തെ തുടർന്ന് ദ്വാരക എക്സ്പ്രസ് വേയിൽ വലിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘം അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ട്രാഫിക് പുനഃസ്ഥാപിക്കുകയായിരുന്നു.




