Spotlight

‘നെറുകേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ആ ധിക്കാരം തുടരും’; മുഖ്യമന്ത്രിക്കെതിരെ KSU

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പോർമുഖം ശക്തമാക്കാൻ ഒരുങ്ങി കെഎസ്‌യു. തെറ്റായ തീരുമാനങ്ങൾക്കെതിരെ വിരൽചൂണ്ടുന്നത് ധിക്കാരമാണെങ്കിൽ തങ്ങൾ ആ ധിക്കാരം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഈ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന കെഎസ്‌യുവിന്റെ ആരോപണങ്ങൾ സതീശൻ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് അലോഷ്യസിന്റെ ഈ ശക്തമായ പ്രതികരണം.

ഇതേ വിഷയത്തിൽ മുഖ്യമന്ത്രിയെ തള്ളി ലോയേഴ്‌സ് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. തുടക്കം മുതൽ വിവാദമായ ഈ നിയമനത്തിൽ, കോൺഗ്രസ് അനുഭാവമുള്ളവരുടെ പേരുകൾ ഒഴിവാക്കിയെന്ന് മാത്രമല്ല, മറ്റ് രാഷ്ട്രീയ പാർട്ടിയിലുള്ളവർ കടന്നുകൂടിയതായും ആരോപണമുണ്ട്. എന്നാൽ പ്ലീഡർ പട്ടികയിൽ മുൻ എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കൾ ഉണ്ടെന്ന വാദങ്ങൾ മുഖ്യമന്ത്രി തള്ളുകയായിരുന്നു.

ഇതിനെതിരെ ലോയേഴ്‌സ് കോൺഗ്രസ് വീണ്ടും രംഗത്തുവന്നു. വിവാദ പട്ടിക തന്നത് സ്റ്റേറ്റ് അറ്റോണി അനൂപ് വി. നായരാണെന്നും മാറ്റങ്ങളില്ലാതെ ഇത് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു എന്നുമാണ് അവരുടെ വാദം. മുഴുവൻ കുറ്റവും സംസ്ഥാന അധ്യക്ഷന്റെ മേൽ ചുമത്താനാണ് ശ്രമിക്കുന്നതെന്ന് ലോയേഴ്‌സ് കോൺഗ്രസ് അധ്യക്ഷൻ അഡ്വ. പി.കെ. റഹ്മാൻ കുറ്റപ്പെടുത്തി. ഇതോടെ പ്ലീഡർ നിയമനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം പുകയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *