ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ തിരക്കേറിയ പൊതുറോഡിൽ കാറോടിക്കാൻ അനുവദിച്ച സംഭവത്തിൽ ഹൈദരാബാദിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ കേസെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്.
ഗന്ധംഗുഡ-ബൈരാഗിഗുഡ റോഡിൽ നടന്ന സംഭവം വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തുകയും ചെയ്തു. നാട്ടുകാർ ഇത് ചോദ്യം ചെയ്തപ്പോൾ, തന്റെ തെറ്റ് അറിഞ്ഞ് പിന്മാറുന്നതിന് പകരം ഉദ്യോഗസ്ഥൻ കുട്ടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ പൂജാരി തിരുപ്പതി എന്ന ഈ ഉദ്യോഗസ്ഥനെതിരെ സൈബരാബാദ് ട്രാഫിക് പോലീസ് കേസെടുത്തു.
നർസിംഗി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വണ്ടി ഓടിക്കാൻ നൽകിയതിന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 125-ാം വകുപ്പ് പ്രകാരവും, മോട്ടോർ വാഹന നിയമത്തിലെ 184, 180 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തെലങ്കാന ഡി.ജി.പി സി.വി. ആനന്ദ് നേരിട്ട് ഇടപെടുകയും, അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ സൈബരാബാദ് പോലീസ് കമ്മീഷണറോട് നിർദേശിക്കുകയും ചെയ്തു.




