ഭുവനേശ്വർ:ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ എടിഎം മെഷീൻ തകർത്ത് കവർച്ചക്കാർ പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഖൈറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എടിഎം മെഷീൻ കയറുകൊണ്ട് താർ വണ്ടിയിൽ കെട്ടിവലിച്ച് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പൂർണ്ണമായി പതിഞ്ഞിട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ അഞ്ചിലധികം പേരടങ്ങുന്ന സംഘം കറുത്ത താർ വണ്ടിയിലാണ് എടിഎം കൗണ്ടറിലെത്തിയത്. ഇവർ ആദ്യം കൗണ്ടറിനുള്ളിൽ കയറി മെഷീൻ ഇളക്കിമാറ്റി. തുടർന്ന് വണ്ടിയുടെ പിന്നിൽ കയറുകൊണ്ട് കെട്ടി റോഡിലൂടെ വലിച്ച് വിജനമായ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് മെഷീൻ തല്ലിപ്പൊളിച്ച് ഉള്ളിലെ പണവുമായി സംഘം കടന്നുകളയുകയായിരുന്നു. കേടുപാടുകൾ വരുത്തിയ മെഷീൻ ഇവർ വഴിയിൽ ഉപേക്ഷിച്ചു. എടിഎമ്മിൽ നിന്ന് എത്ര രൂപയാണ് കവർന്നതെന്ന് വ്യക്തമല്ല.
കവർച്ച നടന്ന രീതി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലർച്ചെ 2:14-ന് കറുത്ത നിറത്തിലുള്ള എസ്‌യുവി വണ്ടി കൗണ്ടറിന് മുന്നിൽ വന്നുനിൽക്കുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ കുറച്ചുപേർ വലിയൊരു കയറുമായി വന്ന്, അതിന്റെ ഒരു വശം വണ്ടിയുടെ പിന്നിലും മറുഭാഗം ഉള്ളിലെ എടിഎം മെഷീനിലും കെട്ടുന്നു. തുടർന്ന് വണ്ടി മുന്നോട്ട് എടുത്തതോടെ എടിഎം മെഷീൻ കൗണ്ടറിന്റെ വാതിലും ചില്ലുകളും തകർത്ത് റോഡിലേക്ക് തെറിച്ചുവീണു. 2:17-ഓടെ കവർച്ചാസംഘം വണ്ടിയിൽ കയറി വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈ പ്രദേശത്ത് മോഷണവും കവർച്ചയും പതിവാണെന്നും, പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ കാവലും സുരക്ഷയും വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഖൈറ പോലീസ് തകർന്ന എടിഎം മെഷീൻ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെയും അവർ ഉപയോഗിച്ച വാഹനവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




