Oddly News

വലതുകണ്ണ് തുടിക്കുന്നത് ദുരന്തം കൊണ്ടുവരുമോ? കണ്ണുതുടിപ്പ് മാറ്റാൻ നോക്കിയ യുവാവിന് സംഭവിച്ചത് !

കണ്ണ് തുടിക്കുന്നത് മോശം ശകുനമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ കണ്ണുതുടിപ്പ് മാറാൻ അപൂർവ്വമായ വഴി പരീക്ഷിച്ച ചൈനാ സ്വദേശിക്ക് ഒടുവിൽ ഗുരുതരമായ കണ്ണ് രോഗത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. വലതുകണ്ണ് തുടിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്റെ ലക്ഷണമാണെന്ന് ഭയന്ന് കൺപോളകളിൽ നിരന്തരം അടിച്ചതിനെ തുടർന്നാണ് ഇയാൾക്ക് റെറ്റിനൽ ഡിറ്റാച്ച്മെന്റ് (retinal detachment – കണ്ണിലെ റെറ്റിന വേർപെട്ടുപോകുന്ന അവസ്ഥ) ബാധിച്ചത്.

ഇടതുകണ്ണ് തുടിക്കുന്നത് ഭാഗ്യവും വലതുകണ്ണ് തുടിക്കുന്നത് ദുരന്തവും കൊണ്ടുവരുമെന്ന ചൈനയിലെ ഒരു ജനപ്രിയ അന്ധവിശ്വാസമാണ് ഈ സംഭവത്തിന് പിന്നിൽ. ഹൂബെയ് പ്രവിശ്യയിലെ വുഹാനിൽ താമസിക്കുന്ന ലെ എന്ന വ്യക്തിക്ക് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലതുകണ്ണിൽ കടുത്ത തുടിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. കണ്ണിന് വിശ്രമം നൽകിയോ ചൂടുപിടിച്ചോ നോക്കിയിട്ടും ഇതിന് യാതൊരു കുറവുമുണ്ടായില്ല.

കണ്ണുതുടിപ്പ് ഒരു ചീത്ത ലക്ഷണമാണെന്ന് വിശ്വസിച്ച ലെ വആശങ്കാകുലനാവുകയും ഡോക്ടറെ കാണിക്കുന്നതിന് പകരം പ്രതിവിധിക്കായി ഇന്റർനെറ്റിൽ തിരയുകയുമാണുണ്ടായത്. കൺപോളകളിൽ അടിക്കുന്നത് ദുരന്തങ്ങൾ അകറ്റാൻ സഹായിക്കുമെന്ന ചില വ്യാജ പ്രചാരണങ്ങൾ ഇയാൾ ഓൺലൈനിൽ കണ്ടെത്തുകയായിരുന്നു. ചൈനയിലെ ചില പ്രായമായ ആളുകൾക്കിടയിൽ കൺപോളയ്ക്ക് മുകളിൽ വെളുത്ത പേപ്പർ കഷണം ഒട്ടിച്ചുവെച്ചാൽ കണ്ണ് തുടിപ്പ് മാറുമെന്നൊരു വിശ്വാസവുമുണ്ട്.

പ്രാദേശിക പത്രമായ ചാങ്ജിയാങ് ഡെയ്‌ലിയുടെ റിപ്പോർട്ട് അനുസരിച്ച്, ലെ മൂന്ന് ദിവസത്തോളം തന്റെ വലതുകണ്ണിന് ചുറ്റും തുടർച്ചയായി അടിക്കുകയുണ്ടായി. ഇതോടെ കണ്ണിന്റെ തുടിപ്പ് മാറിയെങ്കിലും തൊട്ടുപിന്നാലെ അതിലും ഗുരുതരമായ മറ്റൊരു പ്രശ്നം ഉടലെടുത്തു. കണ്ണിന്റെ കാഴ്ചശക്തി പരിമിതപ്പെടുകയും വശങ്ങളിലെ കാഴ്ചകൾ പൂർണ്ണമായും നഷ്ടപ്പെട്ട് നേരെ മുന്നിലുള്ളത് മാത്രമായി ചുരുങ്ങുകയും ചെയ്തു.

തുടർന്ന് ലെ അടിയന്തിരമായി വൈദ്യസഹായം തേടുകയും ഡോക്ടർമാർ ഇയാൾക്ക് റെറ്റിനൽ ഡിറ്റാച്ച്മെന്റ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർക്ക് ഇയാളുടെ കാഴ്ചശക്തി വിജയകരമായി തിരികെ നൽകാൻ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *