അടുത്തിടെ സിദ്ധാർത്ഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ സിമി ചന്ദോക്കെ നടത്തിയ വെളിപ്പെടുത്തലുകളാണ് വർഷങ്ങൾക്ക് മുൻപിറങ്ങിയ ‘റിവോൾവർ റാണി’ എന്ന സിനിമയെച്ചൊല്ലി പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ഒരു ചുംബന രംഗത്തില്‍, സംവിധായകൻ ‘കട്ട്’ പറഞ്ഞിട്ടും കങ്കണ റണാവത് നടന് വീർ ദാസിനെ ചുംബിക്കുന്നത് നിർത്തിയില്ലെന്നും ഒടുവിൽ നടന്റെ ചുണ്ട് കടിച്ചുമുറിച്ച് ചോര വരുത്തിയെന്നുമായിരുന്നു സിമിയുടെ ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഈ വാക്കുകൾ വന്‍തോതില്‍ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തു.
എന്നാല്‍ ഈ പ്രചാരണങ്ങൾക്ക് പിന്നാലെ മറുപടിയുമായി നടൻ വീര്‍ ദാസ് തന്നെ നേരിട്ട് രംഗത്തെത്തി. തനിക്കെതിരെയും കങ്കണയ്ക്കെതിരെയും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് വീര്‍ വ്യക്തമാക്കി. ‘കാര്യങ്ങൾ വ്യക്തമാക്കാം, ഈ പ്രചാരണം വെറും സങ്കൽപ്പം മാത്രമാണ്. കങ്കണ സെറ്റിൽ പൂർണ്ണമായും പ്രൊഫഷണൽ ആയിരുന്നു. അവർ മികച്ച ഒരു കലാകാരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അവർക്കെതിരെയുള്ള ഈ ആരോപണം തികച്ചും തെറ്റാണ്. എന്റെ കോമഡിയുടെ പേരിൽ ചിലപ്പോൾ അവർ എന്നെ തീവ്രവാദി എന്ന് വിളിച്ചിട്ടുണ്ടാകാം, എന്നാൽ സിനിമയുടെ സെറ്റിൽ ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല’– വീര്‍ എക്സില്‍ കുറിച്ചു. ഈ വിഷയത്തില്‍ വീര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് ചോദിച്ച ഒരു വ്യക്തിക്ക് മറുപടിയായിട്ടായിരുന്നു നടന്റെ ഈ വിശദീകരണം.
വീർ ദാസ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി കങ്കണയുമെത്തി. വീർ ദാസിന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. സത്യം തുറന്നുപറഞ്ഞതിന് വീര്‍ ദാസിന് നന്ദി പറഞ്ഞ താരം, ഈ ആരോപണം ഉന്നയിച്ച സ്ത്രീ ആരാണെന്ന് ചോദിച്ച് പരിഹസിക്കുകയും ചെയ്തു. ‘നന്ദി വീർ, പക്ഷേ ആരാണ് അവൾ? ഏതോ ഒരു ‘വിചിത്ര ജീവി’ അവരുടെ സെക്സ് ഫാന്റസികൾക്ക് വേണ്ടി നമ്മുടെ പേരുകള്‍ ഉപയോഗിക്കുകയാണ്. ഞാൻ നിന്റെ രക്തം കുടിക്കുന്നെന്നും നീ ഒരു പതിറ്റാണ്ടിന് ശേഷവും ആ മാനസിക വിഷമത്തിൽ കരയുന്നു എന്നൊക്കെ പറയുന്നത് എത്ര വിചിത്രമാണ്’– കങ്കണ എക്സിൽ കുറിച്ചു. മുൻപ് 2023 ലും ഇത്തരത്തില്‍ ചുംബന വിവാദം ഉയർന്നപ്പോൾ കങ്കണ ഇതേ രീതിയിൽ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഹൃത്വിക് റോഷന് ശേഷം താൻ പാവം വീർ ദാസിന്റെ മാന്യതയും കളഞ്ഞോ എന്നായിരുന്നു അന്ന് കങ്കണ ചോദിച്ചത്.
സായ് കബീർ സംവിധാനം ചെയ്ത് 2014 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘റിവോൾവർ റാണി’. കങ്കണ റണാവത്തും വീർ ദാസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ പീയൂഷ് മിശ്ര, സക്കീർ ഹുസൈൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
ഈ സിനിമ ഇറങ്ങി വർഷങ്ങൾക്ക് ശേഷം, 2021-ൽ വീർ ദാസ് അവതരിപ്പിച്ച ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന കോമഡി ഷോ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യയിലെ സ്ത്രീ സുരക്ഷ, കർഷക സമരം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഈ ഷോയ്ക്കെതിരെ കങ്കണ അന്ന് ശക്തമായി രംഗത്തുവന്നിരുന്നു. അന്ന് കങ്കണ ഇൻസ്റ്റാഗ്രാമിലൂടെ വീർ ദാസിനെ ‘ക്രിമിനൽ’ എന്നും അദ്ദേഹത്തിന്റെ കോമഡിയെ ‘സോഫ്റ്റ് ടെററിസം’ എന്നുമാണ് വിശേഷിപ്പിച്ചത്. ഈ സംഭവത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.




