Celebrity

‘ശ്വേത തുടർന്നിരുന്നെങ്കില്‍ അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’യ്ക്ക് 15 ലക്ഷം’; ചർച്ചയായി ലക്ഷ്മിപ്രിയയുടെ വാക്കുകൾ, സിദ്ദിഖും ഇടവേള ബാബുവും ബാബുരാജും ചേര്‍ന്ന് അട്ടിമറിച്ചു

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് നടിയും മുൻ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ ഈ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ശ്വേതാമേനോൻ പ്രസിഡന്റായി തുടരുന്നതിനെ തടയാൻ ചിലർ ബോധപൂർവം ശ്രമിച്ചുവെന്നും, ശ്വേത ആ സ്ഥാനത്ത് തുടർന്നിരുന്നെങ്കിൽ സംഘടനയ്ക്ക് അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം രൂപ സംഭാവനയായി ലഭിക്കുമായിരുന്നു എന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി.

നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് എന്നിവരാണ് ശ്വേതാമേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ കരുക്കൾ നീക്കിയതെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു. ജൂലൈ 14-ന് അദാനി ഗ്രൂപ്പിന്റെ 15 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിലേക്ക് വരുമായിരുന്നു. ഇത്രയും വലിയൊരു തുക വരികയാണെങ്കിൽ മുൻപ് ഇന്നസെന്റ് തുടർന്നതുപോലെ ശ്വേതയ്ക്കും വർഷങ്ങളോളം പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ സാധിക്കുമായിരുന്നു. ഇത് തടയാനും സംഘടനയിലേക്ക് മറ്റ് ‘മാടമ്പിമാർക്ക്’ കയറിപ്പറ്റാനുമാണ് ശ്വേതയെ ചിലർ ചേർന്ന് പുറത്താക്കിയതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. താൻ സംഘടനയുടെ ഭാരവാഹിത്വവും അംഗത്വവും രാജിവെക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നതായും, വരവുചെലവ് കണക്കുകൾ കൃത്യമാക്കാൻ ജനറൽ ബോഡി യോഗത്തിൽ ശ്വേത 45 ദിവസത്തെ സമയം ചോദിച്ചിട്ടും നൽകിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശ്വേതയുടെ വ്യക്തിപരമായ സ്വാധീനത്തിലാണ് ഈ പണം ലഭിക്കേണ്ടിയിരുന്നത്. ഇതേ അഭിമുഖത്തിൽ നടി അൻസിബയ്ക്കെതിരെയും ലക്ഷ്മിപ്രിയ ചില പരാമർശങ്ങൾ നടത്തിയിരുന്നു.

ഈ അഭിമുഖത്തിൽ തനിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയെന്ന് ആരോപിച്ച് അൻസിബ കൊച്ചി പാലാരിവട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിലാണ് കനത്ത തർക്കങ്ങൾക്കൊടുവിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി മുഴുവനായും രാജി പ്രഖ്യാപിച്ചത്. അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുൻപായിരുന്നു ഈ നാടകീയമായ പടിയിറക്കം. യോഗം തുടങ്ങിയപ്പോൾത്തന്നെ ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലെന്ന് കാണിച്ച് ചില അംഗങ്ങൾ രംഗത്തെത്തുകയും അവിശ്വാസപ്രമേയത്തിന് ശ്രമിക്കുകയും ചെയ്തു.

സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരാണ് കണക്കുകളെ ചൊല്ലി റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതിരുന്നത്. രൺജി പണിക്കർ ഉൾപ്പെടെയുള്ളവരും ഇതേ നിലപാട് സ്വീകരിച്ചതോടെ യോഗം വൻ തർക്കത്തിലേക്ക് നീങ്ങി. ഒടുവിൽ ശ്വേതാ മേനോൻ രാജി പ്രഖ്യാപിക്കുകയും പിന്നാലെ ഭരണസമിതി മുഴുവൻ ഒഴിയുകയുമായിരുന്നു. ബി.ജെ.പിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്വേത പണം വാങ്ങിയെന്ന് ബാബുരാജ് ആരോപിച്ചതാണ് പെട്ടെന്നുള്ള രാജിക്ക് പ്രധാന പ്രകോപനമായതെന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *