Crime

കഴുത്തിൽ ഷാളിട്ട് മുറുക്കി, തല ബക്കറ്റിൽ മുക്കി; ജോലിക്ക് പോകാൻ നിർബന്ധിച്ച ഗര്‍ഭിണിയായ ഭാര്യയെ കൊന്നു

ഹരിയാനയിലെ ഫരീദാബാദിൽ ആറു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. പഞ്ച്ശീൽ കോളനിയിൽ ബുധനാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. ഭർത്താവ് ജോലിക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിയാറുകാരിയായ നേഹ കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് അമിത് ഗുപ്തയ്ക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസം മുൻപാണ് ഇവർ പഞ്ച്ശീൽ കോളനിയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്.

ഒരു ചെറിയ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അമിത്, പലപ്പോഴും ജോലിക്ക് പോകാതിരുന്നത് ദമ്പതികൾക്കിടയിൽ പതിവായി വഴക്കിന് കാരണമായിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെയും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായി. വഴക്കിനിടെ അമിത് ഭാര്യയെ ക്രൂരമായി മർദിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും ചെയ്തു. തുടർന്ന് ബാത്ത്റൂമിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ തല പലതവണ മുക്കിക്കൊല്ലുകയായിരുന്നു. പിന്നീട് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് നേഹയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃത്യം ചെയ്തതിന് ശേഷം അമിത് സ്വന്തം അമ്മാവനെ ഫോണിൽ വിളിച്ച്, ഭാര്യയെ മർദിച്ചെന്നും തല വെള്ളത്തിൽ മുക്കിയെന്നും സമ്മതിച്ചിരുന്നു. അതിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതി ഇപ്പോഴും ഒളിവിലാണെന്നും ഇയാളെ വേഗത്തിൽ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *