രാജസ്ഥാനിലെ കോട്പുത്ലിക്ക് സമീപം തിരക്കേറിയ ഡൽഹി-ജയ്പൂർ ദേശീയപാതയിൽ പാൽ ടാങ്കർ മറിഞ്ഞു. അപകടത്തെ തുടർന്ന് പതിനായിരക്കണക്കിന് ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പരക്കുകയും കുറച്ചുസമയത്തേക്ക് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഹൈവേ കിംഗ് ഹോട്ടലിന് സമീപം വെച്ച് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ ഓടയിലേക്ക് മറിയുകയുമായിരുന്നു. വണ്ടി മറിഞ്ഞതോടെ ടാങ്കറിൽ നിന്നും പാൽ റോഡിലേക്കും പരിസര പ്രദേശങ്ങളിലേക്കും അതിവേഗം ഒഴുകാൻ തുടങ്ങി. ഇത് കണ്ട് വലിയൊരു ജനക്കൂട്ടം സ്ഥലത്തേക്ക് തടിച്ചുകൂടി.
അപകടം നടന്ന് മിനിറ്റുകൾക്കകം തന്നെ നാട്ടുകാർ ബക്കറ്റുകളും കാനുകളും കുപ്പികളുമൊക്കെയായി പാൽ ശേഖരിക്കാൻ ഓടിയെത്തി. മറിഞ്ഞുകിടക്കുന്ന വണ്ടിയിൽ നിന്നും പാൽ കുത്തിയൊലിക്കുമ്പോൾ ആളുകൾ പാത്രങ്ങളിൽ അത് നിറച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അധികൃതർ എത്തി സ്ഥലം സുരക്ഷിതമാക്കുന്നതിന് മുൻപ് തന്നെ വൻതോതിൽ പാൽ നഷ്ടപ്പെട്ടിരുന്നു.
അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവറെ വഴിയാത്രക്കാരാണ് വണ്ടിയിൽ നിന്നും പുറത്തെടുത്തത്. അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.
ദേശീയ തലസ്ഥാനത്തെയും രാജസ്ഥാനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഡൽഹി-ജയ്പൂർ ഹൈവേയിൽ അപകടത്തെ തുടർന്ന് അല്പസമയം ഗതാഗതം സ്തംഭിച്ചു. അപകടസ്ഥലത്ത് ആളുകൾ തടിച്ചുകൂടിയത് വണ്ടികളുടെ വേഗത കുറയ്ക്കുകയും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. അവർ വണ്ടികൾ നിയന്ത്രിക്കുകയും ജനക്കൂട്ടത്തെ മാറ്റി ടാങ്കർ റോഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം നൽകുകയും ചെയ്തു. ഇതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അമിതവേഗതയാണോ, ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ വണ്ടിയുടെ തകരാറോ റോഡിന്റെ അവസ്ഥയോ ആണോ അപകടമുണ്ടാക്കിയത് എന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വണ്ടി പരിശോധിക്കാനും ഡ്രൈവറുടെയും ദൃക്സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.




