Health

വിവാഹപൂര്‍വ രക്തപരിശോധന; മാരക ജനിതക രോഗങ്ങളിൽ നിന്ന് ജനിക്കാൻ പോകുന്ന കുഞ്ഞിനെ രക്ഷിക്കാം !

ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പാരമ്പര്യ രക്തരോഗമാണ് സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം). എന്നാൽ വിവാഹത്തിന് മുൻപോ ഗർഭധാരണത്തിന് മുൻപോ നടത്തുന്ന ഒരു ലളിതമായ രക്തപരിശോധനയിലൂടെ ഈ രോഗം അടുത്ത തലമുറയിലേക്ക് പകരാനുള്ള സാധ്യത കണ്ടെത്താനാകും എന്നതിനെക്കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല.

ഭാവി തലമുറയെ ഇത്തരം ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ വിവാഹത്തിന് മുൻപുള്ള പരിശോധനകൾക്ക് വലിയ പങ്കുണ്ടെന്ന് പൂനെ റൂബി ഹാൾ ക്ലിനിക്കിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം ഡയറക്ടർ ഡോ. വിജയ് രമണൻ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ രോഗം മൂലം ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. എന്നാൽ വിവാഹത്തിനും മാതാപിതാക്കളാകുന്നതിനും മുൻപ് തങ്ങൾക്ക് സിക്കിൾ സെൽ രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത് വഴി ഈ സങ്കടകരമായ സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

വിവാഹത്തിന് മുൻപ് ദമ്പതികൾ എന്തിനാണ് ഈ പരിശോധന നടത്തണം എന്ന് ഡോക്ടർ വിശദീകരിക്കുന്നു. പങ്കാളികളായ രണ്ടുപേരും സിക്കിൾ സെൽ രോഗവാഹകർ (Carriers) ആണെങ്കിൽ, അവർക്കുണ്ടാകുന്ന കുട്ടിക്ക് ഈ രോഗം വരാൻ 25 ശതമാനം സാധ്യതയുണ്ട്. കൂടാതെ കുട്ടി ഒരു രോഗലക്ഷണവുമില്ലാത്ത വെറും രോഗവാഹകൻ മാത്രമാകാൻ 50 ശതമാനം സാധ്യതയും, യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത സാധാരണ കുട്ടിയാകാൻ 25 ശതമാനം സാധ്യതയുമുണ്ട്. അതുകൊണ്ടാണ് വിവാഹത്തിന് മുൻപുള്ള ആരോഗ്യ പരിശോധനകളുടെ ഭാഗമായി സിക്കിൾ സെൽ സ്ക്രീനിംഗ് ഇന്ന് ശക്തമായി ശുപാർശ ചെയ്യുന്നത്.

ഹീമോഗ്ലോബിൻ ഇലക്ട്രോഫോറെസിസ് (Haemoglobin Electrophoresis) എന്ന ലളിതമായ രക്തപരിശോധനയിലൂടെ ഒരാൾക്ക് സാധാരണ ഹീമോഗ്ലോബിനാണോ, അതോ സിക്കിൾ സെൽ ലക്ഷണങ്ങളുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. ആവശ്യമെങ്കിൽ ചില ആരോഗ്യകേന്ദ്രങ്ങളിൽ കൂടുതൽ ഉറപ്പിനായി ജനിതക പരിശോധനകളും നടത്താറുണ്ട്. പരിശോധനാഫലം പോസിറ്റീവ് ആയാൽ വിവാഹം കഴിക്കാൻ പാടില്ല എന്ന് ഇതിനർത്ഥമില്ല. മറിച്ച്, ഇത് ദമ്പതികൾക്ക് കൃത്യമായ അറിവ് നൽകി അവരെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. രണ്ടുപേരും രോഗവാഹകരാണെങ്കിൽ, ഒരു ജനിതക കൗൺസിലറുടെ സഹായത്തോടെ പ്രസവത്തിന് മുൻപുള്ള പരിശോധനകളെക്കുറിച്ചും കുടുംബം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും കൃത്യമായ തീരുമാനങ്ങളെടുക്കാൻ സാധിക്കും. കുട്ടി ജനിച്ച ശേഷം അപ്രതീക്ഷിതമായി രോഗം തിരിച്ചറിയുന്നതിനേക്കാൾ നല്ലത് മുൻകൂട്ടിയുള്ള ഈ അറിവാണ്.

ചുവന്ന രക്താണുക്കളിൽ ഓക്സിജൻ എത്തിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിന്റെ ഘടനയിലുണ്ടാകുന്ന വൈകല്യമാണ് സിക്കിൾ സെൽ രോഗത്തിന് കാരണം. സാധാരണയായി വൃത്താകൃതിയിലും ഇലാസ്തികതയുമുള്ള രക്താണുക്കൾ ഈ രോഗം ബാധിക്കുന്നതോടെ അരിവാൾ രൂപത്തിലാവുകയും കഠിനമാവുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളിലൂടെയുള്ള സുഗമമായ രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നു. ഇത് കഠിനമായ വേദന, വിളർച്ച, പെട്ടെന്നുണ്ടാകുന്ന അണുബാധകൾ, പക്ഷാഘാതം, അവയവങ്ങൾക്കുള്ള കേടുപാടുകൾ എന്നിവയ്ക്ക് കാരണമാവുകയും അടിക്കടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ രണ്ടുപേരും അസാധാരണമായ ഈ ജീൻ കൈമാറിയാൽ മാത്രമേ കുട്ടിക്ക് ഈ രോഗം വരികയുള്ളൂ.

ഈ ജീനിന്റെ ഒരു പകർപ്പ് മാത്രം ശരീരത്തിലുള്ളവരെ സിക്കിൾ സെൽ ട്രെയിറ്റ് (Sickle Cell Trait) അഥവാ രോഗവാഹകർ എന്ന് വിളിക്കുന്നു. ഇവർ സാധാരണയായി ആരോഗ്യവാന്മാരായിരിക്കും കൂടാതെ ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറുമില്ല. അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവൻ തങ്ങൾ ഈ രോഗത്തിന്റെ വാഹകരാണെന്ന കാര്യം ഇവർ അറിയാറുമില്ല. എന്നാൽ ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങുമ്പോൾ ഈ അറിവ് വളരെ പ്രധാനമാണ്. വിവാഹത്തിന് മുൻപ് ബ്ലഡ് ഗ്രൂപ്പ് നോക്കുന്നത് പോലെ തന്നെ ജനിതക പരിശോധനകളും സാധാരണമാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൃത്യമായ ബോധവൽക്കരണത്തിലൂടെയും മുൻകൂട്ടിയുള്ള പരിശോധനകളിലൂടെയും ഈ ഗുരുതരമായ രോഗവുമായി കുട്ടികൾ ജനിക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *