Crime

ഉറക്കഗുളിക നല്‍കി ഭര്‍ത്താവിനെ കൊന്നു; മരണകാരണം ഹൃദയാഘാതമാക്കിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹൃദ്രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും പൊലീസിന്റെ പിടിയിലായി. മരണം നടന്ന് മാസങ്ങൾക്ക് ശേഷം യുവാവിന്റെ ബന്ധുക്കൾക്ക് ലഭിച്ച ഒരു രഹസ്യ സന്ദേശമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചതും. ആന്ധ്രാപ്രദേശിലെ കാക്കിനാടയിലാണ് സംഭവം.

ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിയായ രമാദേവിയും കാമുകൻ പ്രസാദും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ഒന്നിച്ച് ജീവിക്കാൻ ഇവർ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ രമാദേവിയുടെ ഭർത്താവ് പുല്ല ദുർഗ പ്രസാദിന്റെ സാന്നിധ്യം തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് മനസ്സിലാക്കിയ ഇരുവരും ചേർന്ന് അയാളെ വകവരുത്താൻ പദ്ധതിയിട്ടു.

തുടർന്ന്, ഭർത്താവിന്റെ ഹൃദ്രോഗത്തെത്തന്നെ കൊലപാതകത്തിനുള്ള മറയാക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. പദ്ധതിപ്രകാരം രമാദേവിയും കാമുകനും ചേർന്ന് ദുർഗ പ്രസാദിന് നൽകിയ ജ്യൂസിൽ ഉറക്കഗുളികകൾ കലർത്തി നൽകി. ജ്യൂസ് കുടിച്ചതിന് പിന്നാലെ ബോധരഹിതനായ അദ്ദേഹം അധികം വൈകാതെ മരണപ്പെടുകയും ചെയ്തു.

കഴിഞ്ഞ മാർച്ചിലായിരുന്നു ഈ സംഭവം നടന്നത്. ഭർത്താവ് ഹൃദയാഘാതം മൂലം പെട്ടെന്ന് മരിക്കുകയായിരുന്നു എന്നാണ് രമാദേവി ബന്ധുക്കളെ ധരിപ്പിച്ചത്. ദുർഗ പ്രസാദിന് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ ബന്ധുക്കൾക്ക് ഇതിൽ യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല.

എന്നാൽ മാസങ്ങൾക്ക് ശേഷം ദുർഗ പ്രസാദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും, രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും കാണിച്ച് ഒരു ബന്ധുവിന് രഹസ്യ സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രമാദേവിയും പ്രസാദും തമ്മിലുള്ള ബന്ധം പുറത്തുവരികയും, തുടർന്ന് പൊലീസ് ഇവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *