ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവതിയെ വർഷങ്ങളോളം ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, അവരെക്കൊണ്ട് മോഷണം നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാജ സിദ്ധനും സ്ത്രീകളടക്കം ഏഴ് സഹായികളും അറസ്റ്റിൽ . പൂനെയിലെ വാഗോളിയിൽ ‘മോഡേൺ ഗുരുകുൽ’ എന്ന സ്ഥാപനം നടത്തിയിരുന്ന രാധേശ്യാം മിശ്ര എന്നയാളും കൂട്ടാളികളുമാണ് മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായത്. യുവതിയെ ഭർത്താവിൽ നിന്ന് നിർബന്ധിച്ച് വിവാഹമോചനം ചെയ്യിക്കാനും, ക്രൂരമായ വൈദ്യുതാഘാതം ഏൽപ്പിക്കാനും, മൂത്രം കുടിപ്പിക്കാനും വരെ ഇയാൾ മടി കാണിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
2010 ലാണ് യുവതി ഈ വ്യാജ സിദ്ധന്റെ കെണിയിൽ അകപ്പെടുന്നത്. കാലക്രമേണ യുവതിയെ സ്വന്തം കുടുംബത്തിൽ നിന്നും ഭർത്താവിൽ നിന്നും ഇയാൾ പൂർണ്ണമായി അകറ്റി. 2010 മുതൽ 2016 വരെയുള്ള കാലയളവിൽ യുവതിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയാണ് ഇയാൾ തന്റെ ആവശ്യങ്ങൾക്കായി അവരെക്കൊണ്ട് മോഷണങ്ങൾ വരെ നടത്തിച്ചിരുന്നത്. ഒടുവിൽ ആശ്രമത്തിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് കാര്യങ്ങൾ തുറന്നുപറയുകയും, തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ പരാതിക്ക് പിന്നാലെ പോലീസ് ഈ ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ആശ്രമത്തിലെ ഒരു ഭൂഗർഭ അറയിൽ നിന്ന് 19 ഹാർഡ് ഡിസ്കുകൾ, 12 ലാപ്ടോപ്പുകൾ, ഒരു ടാബ്‌ലെറ്റ്, 11 മൊബൈൽ ഫോണുകൾ, 23 പെൻഡ്രൈവുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ഇതിനുപുറമേ 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ, ആറര ലക്ഷം രൂപയുടെ നോട്ടുകൾ, തോക്കിന്റെ വെടിയുണ്ടകൾ, വൻതോതിൽ മരുന്നുകളും മയക്കുമരുന്നുകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഈ മിശ്രയ്ക്ക് നിരവധി അനുയായികൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഇപ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുഖ്യപ്രതിയായ മിശ്രയും അയാളുടെ പ്രധാന അനുയായിയായ ‘സ്വാമി’ കൻവാൽ നയൻ ഉൾപ്പെടെയുള്ള എട്ടുപേരെയും കോടതിയിൽ ഹാജരാക്കി നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.




