Featured Good News

റിസ്ക്ക് എടുക്കണം, SI കുപ്പായം അഴിച്ചുവെച്ച് ഓസ്‌ട്രേലിയയിലേക്ക്; കോടികളുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, വിജയഗാഥ

ഒരു പുതിയ രാജ്യത്ത് ജീവിതം വീണ്ടും കെട്ടിപ്പടുക്കുക എന്നത് പലപ്പോഴും നമ്മുടെ മുൻപദവികൾ ഉപേക്ഷിച്ച് അതിജീവനത്തിനായി പോരാടുക എന്നാണ് അർത്ഥമാക്കുന്നത്. മുൻപ് ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്ന നിഷാന്ത് തോമർ എന്ന യുവാവിന്റെ ജീവിതത്തിൽ എടുത്ത അത്തരമൊരു തീരുമാനം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്ത്യയിലെ സുരക്ഷിതമായ ഒരു സർക്കാർ ജോലി ഉപേക്ഷിച്ച്, ഓസ്‌ട്രേലിയയിലേക്ക് കുടിയേറി അവിടെയൊരു റിയൽ എസ്റ്റേറ്റ് ഏജന്റായി മാറിയ തന്റെ ജീവിതയാത്ര അദ്ദേഹം അടുത്തിടെ പങ്കുവെക്കുകയുണ്ടായി.

“കുറച്ചു വർഷങ്ങൾക്ക് മുമ്പ്, പലരും ഭ്രാന്താണെന്ന് കരുതിയ ഒരു വലിയ റിസ്ക് ഞാൻ ഏറ്റെടുത്തു,” സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയുടെ അടിക്കുറിപ്പിൽ തോമർ എഴുതി. ഇന്ത്യയിലെ സുരക്ഷിതമായ സർക്കാർ ജോലി ഉപേക്ഷിച്ച്, ഭാവി എന്താകുമെന്ന യാതൊരു ഉറപ്പുമില്ലാതെയാണ് ഞാൻ ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറിയത്. എല്ലാം പൂജ്യത്തിൽ നിന്ന് തുടങ്ങി, ഒരുപാട് വെല്ലുവിളികളെ നേരിട്ടു, ഒടുവിൽ സ്വന്തമായി ഒരു വീട് നിർമ്മിച്ചു. ഇന്ന് ഓസ്‌ട്രേലിയയിൽ തങ്ങളുടെ ആദ്യത്തെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മറ്റ് കുടുംബങ്ങളെ സഹായിക്കുകയാണ് ഞാൻ. വിദേശ രാജ്യങ്ങളിൽ സമാനമായ പ്രതിസന്ധികൾ നേരിടുന്ന, പ്രത്യേകിച്ച് ഒറ്റപ്പെടലിന്റെ മാനസിക വിഷമങ്ങളും, നാട്ടിലെ മാന്യമായ പദവികളിൽ നിന്നും താഴേത്തട്ടിലുള്ള ജോലികളിലേക്ക് മാറേണ്ടി വരുന്നതുമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന നിരവധി ഇന്ത്യക്കാരുടെ ഹൃദയത്തിൽ തൊടുന്നതാണ് അദ്ദേഹത്തിന്റെ ഈ കഥ.

ഈ യാത്ര വെറുമൊരു ഭാഗ്യം കൊണ്ട് ഉണ്ടായതല്ലെന്നും, അവസരങ്ങൾ മുതലെടുക്കാനും പുതിയൊരു രാജ്യത്തോട് പൊരുത്തപ്പെടാനും പ്രതിസന്ധി ഘട്ടങ്ങളിൽ തോറ്റുകൊടുക്കാതിരിക്കാനും കാണിച്ച മനസ്സ് കൊണ്ടാണ് ഇത് സാധ്യമായതെന്നും തോമർ കൂട്ടിച്ചേർത്തു. വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കോ, സ്വന്തമായി ആദ്യ വീട് വാങ്ങാൻ പോകുന്നവർക്കോ, അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ കൊണ്ട് ജീവിതം പൂർണ്ണമായി മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കാൻ തെളിവ് തിരയുന്നവർക്കോ വേണ്ടിയാണ് താൻ ഈ വീഡിയോ പങ്കുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ നമ്മെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന തീരുമാനങ്ങളിൽ നിന്നായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ അവസരങ്ങൾ ഉണ്ടാകുകയെന്നും അദ്ദേഹം ഉപദേശമായി കുറിച്ചു.

ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റിന് താഴെ അദ്ദേഹത്തിന്റെ ഈ കരിയർ മാറ്റത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നിരവധി ആളുകൾ കമന്റുകളുമായി രംഗത്തെത്തി. ജോലി രാജിവെച്ച ശേഷം ഓസ്‌ട്രേലിയയിൽ ജോലി ലഭിക്കുന്നതിനായി ഏത് കോഴ്‌സാണ് ചെയ്തത് എന്നാണ് ഒരാൾ ചോദിച്ചത്. ഇതോടൊപ്പം അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് മറ്റ് നിരവധി പേരും കമന്റുകൾ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *