ഡേറ്റിങ്ങിന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് ബിരിയാണി വാങ്ങിക്കൊടുത്തതിന് പകരമായി അവളെ ലൈംഗികമായി ഉപയോഗിച്ചുവെന്ന യുവാവിൻ്റെ വെളിപ്പെടുത്തലോടെയാണ് സ്റ്റാൻഡപ്പ് കൊമേഡിയൻ പ്രണിത് മോറിൻ്റെ ഷോ വിവാദ കൊടുങ്കാറ്റിലായത്. യുവാവിൻ്റെ ഈ വാക്കുകളും അതിനോടുള്ള കൊമേഡിയൻ്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് തൊട്ടുപിന്നാലെ, അതേ പരിപാടിയിൽ പങ്കെടുത്ത ഒരു വനിതാ ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവരുന്ന പുരുഷന്മാരുടെ മൃതദേഹങ്ങൾ നോക്കി മോശം കമൻ്റുകൾ പറയാറുണ്ടെന്ന് തുറന്നുപറഞ്ഞതും സൈബർ ലോകത്ത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് പ്രണിത് മോറിൻ്റെ തന്നെ ഷോയിൽ നിന്നുള്ള മറ്റൊരു പഴയ വീഡിയോ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
ഷോയിൽ അതിഥിയായി എത്തിയ ഒരു വനിതാ ഡെൻ്റിസ്റ്റിനോട് ഇയാൾ ചോദിക്കുന്ന അശ്ലീലച്ചുവയുള്ള ചോദ്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. ചികിത്സയ്ക്കായി വരുന്ന പെൺകുട്ടികൾ ഓറൽ സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പല്ല് പരിശോധിക്കുന്നതിലൂടെ ഒരു ഡെൻ്റിസ്റ്റിന് തിരിച്ചറിയാൻ സാധിക്കുമോ എന്നായിരുന്നു കൊമേഡിയൻ്റെ ചോദ്യം. ‘ബുദ്ധിമുട്ടാണെങ്കിൽ മറുപടി പറയേണ്ട’ എന്ന് ആമുഖമായി പറയുന്നുണ്ടെങ്കിലും, വളരെ തന്ത്രപരമായ ചോദ്യങ്ങളിലൂടെ ഡെൻ്റിസ്റ്റിനെക്കൊണ്ട് ഇതിന് ഉത്തരം പറയിക്കാൻ ഇയാൾ ശ്രമിക്കുന്നുണ്ട്.
ചോദ്യം കേട്ട് അമ്പരന്നുപോയ വനിതാ ഡോക്ടറോട് ഇയാൾ വീണ്ടും ചോദ്യം ആവർത്തിക്കുകയാണ്. ഒടുവിൽ, പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെ വായ കണ്ടാലും ഇത് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോക്ടർ മറുപടി നൽകുമ്പോൾ, തന്നെ ഒന്ന് പരിശോധിക്കാമോ എന്ന് ചോദിച്ച് പ്രണിത് കാണികൾക്ക് മുന്നിൽ സ്വയം വായ് തുറന്നു കാണിക്കുകയും ചെയ്യുന്നു.
പല്ല് പരിശോധിക്കുന്ന സമയത്ത് എന്തെങ്കിലും വ്യത്യാസം കണ്ടാൽ കാര്യം മനസ്സിലാകുമോ എന്നും, ഇക്കാര്യം സഹപ്രവർത്തകരുമായി പങ്കുവെച്ച് ചിരിക്കാറുണ്ടോ എന്നും ഇയാൾ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ചോദ്യങ്ങൾക്കൊപ്പം തന്നെ അശ്ലീലമായ ആംഗ്യങ്ങളും പ്രണിത് കാണിക്കുന്നു. ഇവിടം കൊണ്ടും നിർത്താതെ, എന്തുകൊണ്ടാണ് ഭൂരിഭാഗം പെൺകുട്ടികളും അതിന് മടിക്കുന്നത് എന്നുമുള്ള മോശം ചോദ്യങ്ങളും ഇയാൾ ഡോക്ടർക്ക് നേരെ എറിയുന്നുണ്ട്.
ചോദ്യങ്ങൾ അതിരുവിട്ടതോടെ അസ്വസ്ഥയായ വനിതാ ഡോക്ടർ തനിക്കറിയില്ല എന്ന് പറഞ്ഞ് ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു. എന്നാൽ കാണികളോട് ആർക്കെങ്കിലും ഓറൽ ഹെൽത്തിനെ കുറിച്ച് സംശയമുണ്ടെങ്കിൽ സൗജന്യമായി ചോദിക്കാമെന്ന് പറഞ്ഞ് കൊമേഡിയൻ ആ വനിതയെ വീണ്ടും സദസ്സിന് മുന്നിൽ വെച്ച് അപമാനിതയാക്കുകയാണ് ചെയ്യുന്നത്.
ഒരിക്കൽ മദ്യപിച്ച് ക്ലിനിക്കിലെത്തി പല്ല് എടുക്കണമെന്ന് ആവശ്യപ്പെട്ട് അക്രമാസക്തനായ ഒരാളിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഡോക്ടർ പറയുമ്പോഴും അതിനെ വെറുമൊരു തമാശയാക്കാനാണ് പ്രണിത് ശ്രമിച്ചത്. ശല്യം സഹിക്കവയ്യാതെ അയാളുടെ കോളറിൽ പിടിച്ച് പുറത്താക്കി എന്ന് ഡോക്ടർ പറയുമ്പോൾ, ‘ഇങ്ങനെയാണോ നിങ്ങൾ രോഗികളോട് പെരുമാറുന്നത്’ എന്നായിരുന്നു കൊമേഡിയൻ്റെ പരിഹാസം. ഇതിനുപുറമേ, ഡോക്ടർക്കൊപ്പം ഷോ കാണാൻ വന്ന സുഹൃത്ത് ആരാണെന്ന് ആവർത്തിച്ച് ചോദിച്ചുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് അനാവശ്യമായി കടന്നുകയറുന്ന ചോദ്യങ്ങളും ഈ ഷോയിൽ ഉടനീളം കാണാം.
പ്രണിത് മോറിൻ്റെ കോമഡി ഷോയിലെ ഓരോ ദൃശ്യങ്ങളും പുറത്തുവരുമ്പോൾ ഇയാൾക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കടുക്കുകയാണ്. കോമഡിയുടെ പേരിൽ ഇത്തരം അശ്ലീലങ്ങളാണോ ജനങ്ങൾക്ക് വിൽക്കുന്നത് എന്നും, എന്തുകൊണ്ടാണ് ഇയാൾക്കെതിരെ ആരും പ്രതികരിക്കാത്തത് എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. ഹാസ്യം എന്ന പേരിൽ ലൈംഗികതയും അശ്ലീല തമാശകളും മാത്രം വിളമ്പുന്ന ഇങ്ങനെയുള്ള വ്യക്തികളെ ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്നതിൽ നിന്നും പൂർണ്ണമായി വിലക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ശക്തമായ ആവശ്യം.




