മഹാരാഷ്ട്രയിലെ താനെയിൽ മൂന്ന് വയസ്സുകാരനായ ഒരു കുട്ടിയുടെ ജന്മദിനാഘോഷം വലിയൊരു മെഡിക്കൽ അടിയന്തിരാവസ്ഥയായി മാറി. ജന്മദിന കേക്കിലെ അലങ്കാരപ്പണികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കമ്പികൾ കുട്ടി അറിയാതെ വിഴുങ്ങിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ അമ്മ സ്നേഹ ഷെലാർ തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. മകൻ രേയാൻഷിന്റെ ജന്മദിനത്തിന് ഒരു ദിവസം മുൻപ്, മെയ് 31-നായിരുന്നു ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനായി ഇവർ ഒരു പ്രാദേശിക ബേക്കറിയിൽ നിന്ന് ‘ബൗളിംഗ് തീമിലുള്ള കേക്ക് വാങ്ങിയത്.
കേക്കിന് മുകളിലുണ്ടായിരുന്ന സ്വർണ്ണനിറത്തിലുള്ള ബൗളിംഗ് പിൻ അലങ്കാരങ്ങൾ കണ്ട് ഇഷ്ടപ്പെട്ട രേയാൻഷ് അത് സ്വയം എടുത്ത് കഴിക്കാൻ തുടങ്ങി. എന്നാൽ ഈ അലങ്കാരങ്ങൾ കേക്കിൽ ഉറപ്പിച്ചു നിർത്താൻ വളരെ നേർത്ത ലോഹക്കമ്പികളാണ് ഉപയോഗിച്ചിരുന്നതെന്ന് കുടുംബം പിന്നീട് മാത്രമാണ് അറിഞ്ഞത്. കേക്ക് ഓർഡർ ചെയ്തപ്പോഴോ അത് ഡെലിവറി ചെയ്തപ്പോഴോ ബേക്കറിക്കാർ ഇത്തരം കമ്പികളെക്കുറിച്ച് തങ്ങൾക്ക് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് അമ്മ ആരോപിക്കുന്നു.
കുടുംബത്തിലെ മറ്റ് രണ്ട് മുതിർന്ന കുട്ടികൾ കേക്ക് കഴിച്ചപ്പോൾ ഉള്ളിൽ കട്ടിയുള്ള എന്തോ തടഞ്ഞപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുടുംബം ബേക്കറിയുമായി ബന്ധപ്പെട്ടപ്പോൾ, അലങ്കാരങ്ങൾക്കായി ലോഹക്കമ്പികൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. എന്നാൽ അപ്പോഴേക്കും രേയാൻഷ് രണ്ട് കമ്പികൾ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഉടൻ തന്നെ കുട്ടിയെ താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ പരിശോധനയിൽ കമ്പികൾ കുട്ടിയുടെ ചെറുകുടലിൽ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യുന്നതിന് പകരം കുട്ടിയുടെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് ഡോക്ടർമാർ തീരുമാനിച്ചത്.
ഭാഗ്യവശാൽ, അടുത്ത 48 മണിക്കൂറിനുള്ളിൽ ആ കമ്പികൾ കുട്ടിയുടെ ശരീരത്തിനുള്ളിൽ യാതൊരു പരുക്കുകളും ഏൽപ്പിക്കാതെ മലത്തിലൂടെ സ്വാഭാവികമായി പുറത്തുപോയി. കുട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായിരിക്കുന്നു. ഇതൊരു ഭയാനകമായ അനുഭവമായിരുന്നു എന്ന് വ്യക്തമാക്കിയ സ്നേഹ ഷെലാർ, കേക്കുകളിൽ കഴിക്കാൻ സാധിക്കാത്ത ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ബേക്കറികൾ കൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്നും കുട്ടികൾക്ക് കേക്ക് നൽകുന്നതിന് മുൻപ് മാതാപിതാക്കൾ അത് നന്നായി പരിശോധിക്കണമെന്നും അഭ്യർത്ഥിച്ചു.
ഈ സംഭവത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും നിരവധി ആളുകളിൽ ആശങ്കയുണ്ടാക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയ്ക്ക് ധൈര്യം പകരുകയും കുട്ടി സുരക്ഷിതനായിരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് പലരും കമന്റുകൾ പങ്കുവെച്ചു. ഒരു ബേക്കറി ഉടമ ഈ വീഡിയോയ്ക്ക് താഴെ ഇങ്ങനെ കുറിച്ചു: “ഞാനൊരു ബേക്കറർ ആണ്, ഇത് എന്റെ ഹൃദയം തകർക്കുന്നു. കേക്കിനുള്ളിൽ ഇത്തരം കമ്പികൾ ഉണ്ടെന്ന കാര്യം നിങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു (ഫോണ്ടന്റ് ടോപ്പറുകൾക്കും പൂക്കളുടെ അലങ്കാരങ്ങൾക്കും ഇത്തരം കമ്പികൾ ഒഴിവാക്കാൻ കഴിയില്ല). ഞാനും എന്റെ ഓർഡറുകളിൽ കമ്പികൾ ഉപയോഗിക്കാറുണ്ട്, എന്നാൽ കേക്ക് വാങ്ങാൻ വരുമ്പോൾ തന്നെ അത് ഉപഭോക്താക്കളെ കൃത്യമായി ഓർമ്മിപ്പിക്കാറുണ്ട്. വലിയ കേക്കുകൾക്ക് താങ്ങാവാൻ ഉള്ളിൽ തടികൊണ്ടുള്ള പൈപ്പുകളും വെക്കാറുണ്ട്, അതും പറയാറുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിവുണ്ടാകണമെന്നില്ല, അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കേണ്ടത് ബേക്കറിയുടെ പൂർണ്ണ ഉത്തരവാദിത്തമാണ്. നിങ്ങളുടെ മകൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.”




