സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന ഈ വെടിക്കെട്ട് ഇന്നിംഗ്സ്, ചേട്ടൻ വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
വൈഭവിന്റെ മൂത്ത സഹോദരൻ ഉജ്ജ്വൽ സൂര്യവംശി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മത്സരവിവരങ്ങൾ പ്രകാരം, ആശിർവാദിന്റെ സെഞ്ച്വറി മികവിൽ ക്രിക്കറ്റ് അക്കാദമി താജ്പൂർ 29.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. ഒപ്പം കളിച്ച ശിവം രാജ് 75 പന്തിൽ 52 റൺസ് നേടി മികച്ച പിന്തുണ നൽകി. മത്സരത്തിന് ശേഷം ഹെൽമെറ്റ് ഊരി ബാറ്റ് ഉയർത്തി സെഞ്ച്വറി ആഘോഷിക്കുന്ന ആശിർവാദിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. ഇത്രയും ചെറിയ പ്രായത്തിലും പക്വതയോടെയുള്ള കളി ശൈലി പുറത്തെടുത്ത ഈ കൊച്ചു മിടുക്കനെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
അടുത്തിടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ വൈഭവ് സൂര്യവംശിയുടെ നേട്ടങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ആശിർവാദിന്റെ ഈ പ്രകടനം വരുന്നത്. 15 വയസ്സുകാരനായ വൈഭവ് ഐപിഎൽ 2026 സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന കളിക്കാരനായും ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചവനായും മാറി അഞ്ചോളം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യൻ ടീമിലിടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും വൈഭവ് സ്വന്തമാക്കി. നിലവിൽ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എ ടീമിന് വേണ്ടി കളിക്കുകയാണ് വൈഭവ്.




