കാസർഗോഡ് വീട്ടിൽ ഉറങ്ങുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 25-കാരിക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ പ്രതിക്കെതിരെ മുൻപ് സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് കേസുകൾ വേറെയുമുണ്ട്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പ്രതിക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് കേസുകൾ സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ചതിനും, മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനുമാണ്.
പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ മെർളിൻ. ഇവർ ഈ വീട്ടിൽ അതിഥിയായി എത്തിയ ദിവസമാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. പേടി കാരണം പെൺകുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും, പിന്നീട് കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് ക്രൂരത പുറംലോകമറിഞ്ഞത്. ഇതോടെ പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദ്ദിച്ച കേസിലും സ്നേഹ മെർളിൻ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.




