വിലകൂടിയ ഒരു ജന്മദിന സമ്മാനത്തെക്കുറിച്ചും അതിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത ബ്രേക്കപ്പിനെക്കുറിച്ചുമുള്ള ഒരു Reddit പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ മൂന്ന് വർഷത്തെ പ്രണയബന്ധം കാമുകി അവസാനിപ്പിച്ചത് ഏതാണ്ട് 3.1 ലക്ഷം രൂപ (2,500 പൗണ്ട്) വിലവരുന്ന ഗെയിമിംഗ് പിസി (PC) സമ്മാനമായി വാങ്ങി തൊട്ടടുത്ത ദിവസമാണെന്ന് യുവാവ് അവകാശപ്പെടുന്നു.
ഈ വേർപിരിയൽ യുവാവിനെ മാനസികമായി തളർത്തിയെങ്കിലും, പിന്നീട് അറിഞ്ഞ വിവരങ്ങൾ അദ്ദേഹത്തെ കൂടുതൽ ഞെട്ടിച്ചു. ഇതേത്തുടർന്ന് താൻ നൽകിയ സമ്മാനം നിയമപരമായി തിരികെ വാങ്ങാൻ എന്തെങ്കിലും വഴിയുണ്ടോ എന്നറിയാനാണ് ഇയാൾ സോഷ്യൽ മീഡിയയുടെ സഹായം തേടിയത്.
യുവാവിന്റെ പോസ്റ്റ് അനുസരിച്ച്, കാമുകി വർഷങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു ഗെയിമിംഗ് പിസിയാണ് ജന്മദിന സമ്മാനമായി അവൻ അവൾക്ക് വാങ്ങി നൽകിയത്. എന്നാൽ പിറ്റേന്ന് തന്നെ അവൾ ബന്ധം അവസാനിപ്പിച്ചു. “ഞങ്ങൾ 3 വർഷമായി ഒരുമിച്ചായിരുന്നു. അവളുടെ ജന്മദിനത്തിന് 3.1 ലക്ഷം രൂപയോളം വിലവരുന്ന ഒരു ഗെയിമിംഗ് പിസി ഞാൻ വാങ്ങി നൽകി. എന്നാൽ തൊട്ടടുത്ത ദിവസം അവൾ എന്നോട് ബ്രേക്കപ്പ് പറഞ്ഞു. എനിക്ക് ഇത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല,” യുവാവ് കുറിച്ചു.
പിന്നീട് കാമുകിയുടെ സുഹൃത്തുക്കളിൽ നിന്നാണ് യുവാവ് യഥാർത്ഥ സത്യം അറിഞ്ഞത്. അവൾ മാസങ്ങൾക്ക് മുൻപ് തന്നെ ബ്രേക്കപ്പ് ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും, എന്നാൽ ഈ വിലകൂടിയ സമ്മാനം ലഭിക്കാൻ വേണ്ടിയാണ് ജന്മദിനം വരെ കാത്തിരുന്നതെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി. സമ്മാനത്തിന് വേണ്ടി മാത്രമാണ് താൻ ബന്ധം മുന്നോട്ട് കൊണ്ടുപോയതെന്ന് കാമുകി സമ്മതിക്കുന്ന ചില ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും യുവാവിന് ലഭിച്ചു. ഇതോടെ താൻ വഞ്ചിക്കപ്പെടുകയാണെന്ന് ഇയാൾക്ക് മനസ്സിലായി.
ബ്രിട്ടനിലെ നിയമപ്രകാരം ഒരു വസ്തു സമ്മാനമായി നൽകിക്കഴിഞ്ഞാൽ അത് വാങ്ങിയ ആളുടെ സ്വന്തമായി മാറുമെന്നാണ് യുവാവ് പറയുന്നത്. എങ്കിലും, തന്നെ വഞ്ചിച്ചുകൊണ്ട് പ്ലാൻ ചെയ്ത് വാങ്ങിയ ഈ സമ്മാനം തിരികെ ലഭിക്കാൻ നിയമത്തിൽ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് ഇയാൾ ചോദിക്കുന്നത്.
ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ആളുകൾ യുവാവിന് പിന്തുണയുമായി എത്തി. എന്നാൽ നിയമപരമായി ആ വസ്തു ഇനി തിരികെ കിട്ടാൻ സാധ്യതയില്ലെന്നും നഷ്ടം സഹിക്കുകയേ വഴിയുള്ളൂ എന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അവൾ ചെയ്തത് വലിയ ചതിയാണെങ്കിലും നിയമപരമായി അവൾക്കെതിരെ നീങ്ങാൻ കഴിയില്ലെന്നും, ഒരുപക്ഷേ കേസിന് പോയാൽ പിസിയുടെ വിലയേക്കാൾ കൂടുതൽ കോടതിച്ചെലവ് വരുമെന്നും ഒരാൾ കമന്റ് ചെയ്തു.
3.1 ലക്ഷം രൂപയുടെ പിസി ആണെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്നാണ് മറ്റൊരാൾ കുറിച്ചത്. ഇത്രയും മോശം സ്വഭാവമുള്ള ഒരു സ്ത്രീ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയതിനുള്ള ഫീസായി ഈ തുകയെ കരുതി സമാധാനിക്കൂ എന്ന് മറ്റൊരാൾ ഉപദേശിച്ചു. എന്നാൽ ജയസാധ്യത കുറവാണെങ്കിലും ഇത്തരം ചതി കാണിച്ച അവളെ കോടതി കയറ്റണമെന്നും, ആളുകളുടെ മുന്നിൽ അവളുടെ യഥാർത്ഥ സ്വഭാവം തുറന്നുകാട്ടാൻ ചെറിയ കേസുകളുമായി മുന്നോട്ട് പോകണമെന്നും ചിലർ അഭിപ്രായപ്പെട്ടു.




