Celebrity

‘നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം കള്ളമായിരുന്നു’; കുറ്റംസമ്മതിച്ച് ശിൽപ ഷിൻഡെ

ഹിന്ദി ടെലിവിഷൻ നടി ശിൽപ ഷിൻഡെ, നിർമാതാവിനെതിരെ താൻ മുമ്പ് ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നുവെന്ന് വെളിപ്പെടുത്തി. ഈ പരാതി നൽകി ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് നടി പരസ്യമായി സമ്മതിക്കുന്നത്. താൻ മുൻപ് അഭിനയിച്ച ‘ഭാഭിജി ഘർ പർ ഹേ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയുടെ നിർമാതാവായ സഞ്ജയ് കോലിക്കെതിരെയായിരുന്നു ശിൽപ അന്ന് ലൈംഗികാരോപണം ഉന്നയിച്ചിരുന്നത്.

ഏറെ പ്രേക്ഷകപ്രീതിയുള്ള ഈ കോമഡി ഷോയിൽ നിന്ന് 2016-ലാണ് ശിൽപ ഷിൻഡെ പുറത്തുപോകുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് അവർ നിർമാതാവിനെതിരെ ഗുരുതരമായ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. തനിക്ക് അഭിനയിച്ചതിന്റെ പ്രതിഫലം നൽകിയില്ലെന്ന പരാതിയും അവർ അന്ന് ഉന്നയിച്ചിരുന്നു. കേസ് പെട്ടെന്ന് തന്നെ ഒത്തുതീർപ്പായെങ്കിലും ഈ വിവാദവും ചർച്ചകളും പിന്നീട് വർഷങ്ങളോളം വാർത്തകളിൽ നിറഞ്ഞുനിന്നു.

പ്രശസ്ത കൊമേഡിയൻ ഭാരതി സിങ്, എഴുത്തുകാരൻ ഹാർഷ് ലിംബാച്ചിയ എന്നിവർ നടത്തുന്ന പോഡ്കാസ്റ്റിലാണ് താൻ എന്തുകൊണ്ടാണ് അത്തരമൊരു തെറ്റായ പരാതി നൽകിയതെന്ന് ശിൽപ തുറന്നുപറഞ്ഞത്. അന്ന് തനിക്ക് മുന്നിൽ മറ്റ് വഴികളില്ലാതിരുന്നതിനാലാണ് ലൈംഗികാതിക്രമ പരാതി നൽകേണ്ടി വന്നതെന്ന് ശിൽപ ഷിൻഡെ വ്യക്തമാക്കുന്നു. ‘ആ കേസ് ഇപ്പോൾ അവസാനിച്ചു. എനിക്ക് സത്യം തുറന്നുപറയാൻ ഒരു ഭയവുമില്ല, ഇന്നാണെങ്കിലും ഞാൻ ഇത് പറയും. കാരണം ഇത് വളരെ വലിയൊരു കാര്യമാണ്.

നിർമാതാവിനെതിരെ ലൈംഗികാരോപണം ഉന്നയിക്കാൻ കാരണം എനിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതിരുന്നതുകൊണ്ടാണ്. ഒടുവിൽ കേസ് ഒത്തുതീർപ്പാക്കാൻ കഴിഞ്ഞതോടെ ആ കഠിനമായ സാഹചര്യത്തിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞു’ എന്ന് ശിൽപ ഷിൻഡെ പറഞ്ഞു. ‘കേസിൽ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെങ്കിൽ നിർമാതാവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ തന്നെ ഉന്നയിക്കണമെന്ന് പോലീസ് എന്നോട് നേരിട്ട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാൻ അങ്ങനെയൊരു വഴി തിരഞ്ഞെടുത്തത്. നിയമപരമായ കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ആ നടപടികൾ എനിക്ക് മനസ്സിലായി. ഞാൻ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടോ എന്ന് അന്ന് എന്റെ സുഹൃത്തുക്കൾ പോലും എന്നോട് ചോദിച്ചിരുന്നു’ എന്നും ശിൽപ കൂട്ടിച്ചേർത്തു.

‘ഇന്ന് ഈ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ തുറന്നുപറയുന്നു, അന്ന് ഉന്നയിച്ച ആരോപണങ്ങളെല്ലാം പൂർണ്ണമായും തെറ്റായിരുന്നു. ഇതാദ്യമായാണ് ഞാൻ ഈ കാര്യത്തിൽ ഒരു കുറ്റസമ്മതം നടത്തുന്നത്. ആ സംഭവത്തിനുശേഷം ഞങ്ങൾ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീർപ്പിലായി. എനിക്ക് തരാനുണ്ടായിരുന്ന പ്രതിഫലത്തുക മുഴുവൻ അവർ തന്നുതീർക്കുകയും ചെയ്തു’ എന്നും ശിൽപ ഷിൻഡെ വ്യക്തമാക്കി.