Crime

ട്വിഷയുടെ ഗർഭത്തിൽ ഭർത്താവിന് സംശയം; വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്, നിജസ്ഥിതി തേടി സിബിഐ

ഭോപ്പാൽ: മോഡലും നടിയുമായ ത്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിർണായക ഘട്ടത്തിലേക്ക് . ഭോപ്പാലിലെ ഭർതൃവീട്ടിൽ വെച്ചുണ്ടായ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും പുതിയ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഭോപ്പാൽ പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ തിരുത്തി, ത്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗ്, അമ്മായിയമ്മയും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ സി.ബി.ഐ കേസ് ഫയൽ ചെയ്തു. ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ പ്രത്യേക ക്രൈം യൂണിറ്റ് ഭോപ്പാലിലെത്തി കേസ് ഡയറിയും മറ്റ് മെഡിക്കൽ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്ത്രീധന പീഡന മരണത്തിനുള്ള വകുപ്പുകൾ ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി 10 മണിക്കൂറോളം ഭർത്താവ് സമർത്ഥിനെ പോലീസ് ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളും, വാട്സ്ആപ്പ് ചാറ്റുകളും മെഡിക്കൽ രേഖകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ സി.ബി.ഐ പ്രധാനമായും പരിശോധിക്കുന്നത്. ത്വിഷയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും താൻ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് സമർത്ഥ് പോലീസിനോട് പറഞ്ഞത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്നും, ത്വിഷ എത്ര തവണ സ്വന്തം വീട്ടിൽ പോയിട്ടുണ്ടെന്നും പോലീസ് ചോദിച്ചറിഞ്ഞു.

ത്വിഷയുടെ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കേസിൽ ഏറെ നിർണായകം. തനിക്ക് കുട്ടി വേണമെന്നുണ്ടായിരുന്നുവെന്നും എന്നാൽ ത്വിഷയുടെ നിർബന്ധപ്രകാരമാണ് ഡോക്ടറുടെ നിർദ്ദേശത്തോടെ ഗർഭച്ഛിദ്രം നടത്തിയതെന്നുമാണ് സമർത്ഥിന്റെ വാദം. എന്നാൽ സമർത്ഥ് കുട്ടിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നുവെന്ന് ത്വിഷയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ വ്യക്തമാക്കുന്നു. ഗർഭധാരണത്തിന് ശേഷമാണ് ത്വിഷയ്ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് സമർത്ഥ് പറയുമ്പോൾ, ഗർഭവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശേഷമാണ് മാനസികരോഗത്തിനുള്ള മരുന്നുകൾ നൽകിത്തുടങ്ങിയതെന്നും ഈ കാലയളവിൽ ത്വിഷയ്ക്ക് 15 കിലോയോളം ഭാരം കുറഞ്ഞതായും അവളുടെ കുടുംബം ആരോപിക്കുന്നു.

ത്വിഷയ്ക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്നും പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റങ്ങൾ വന്നിരുന്നുവെന്നും സമർത്ഥ് പോലീസിനോട് പറഞ്ഞിരുന്നു. സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉറക്കഗുളികകൾ നൽകിയതെന്നും അയാൾ അവകാശപ്പെട്ടു. എന്നാൽ ഈ ചികിത്സകൾ കൃത്യമായ മെഡിക്കൽ നിർദ്ദേശപ്രകാരമാണോ നടന്നതെന്നും, ത്വിഷയുടെ സമ്മതത്തോടെയാണോ എന്നും സി.ബി.ഐ പരിശോധിക്കും. കൂടാതെ, സമർത്ഥ് തന്റെ ഫോണിൽ നിന്നും ത്വിഷയുടെയും കുടുംബത്തിന്റെയും ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ.

ജോലി ഉപേക്ഷിക്കാൻ താൻ ത്വിഷയെ നിർബന്ധിച്ചിട്ടില്ലെന്നും അവൾ സ്വയം ഒഴിഞ്ഞതാണെന്നുമാണ് സമർത്ഥിന്റെ വാദം. മരണം നടന്ന ദിവസം ഇരുവരും ഒരുമിച്ച് ജിമ്മിൽ പോയതായും ഭക്ഷണം കഴിച്ചതായും സാധാരണ രീതിയിലാണ് പെരുമാറിയതെന്നും അയാൾ പറയുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ഉപയോഗിച്ച് സി.ബി.ഐ ഈ വാദങ്ങൾ പരിശോധിക്കുകയാണ്. കേസിൽ വിരമിച്ച ജഡ്ജിയായ അമ്മായിയമ്മ ഗിരിബാല സിംഗിന്റെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ഇരുവരും തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടിരുന്ന ഗിരിബാല എപ്പോഴും മകന്റെ ഭാഗം മാത്രമാണ് ന്യായീകരിച്ചിരുന്നതെന്ന് ത്വിഷ കരുതാൻ കാരണമായ സാഹചര്യങ്ങളും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.