വേനൽക്കാലത്ത് എത്ര തവണ കുളിക്കണം എന്നത് ചൂട് കൂടുമ്പോൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന സംശയമാണ്. കടുത്ത വേനലിൽ ശരീരം തണുപ്പിക്കാൻ കൂടുതൽ തവണ കുളിക്കുന്നത് നല്ലതാണോ, അതോ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ദീപാലി ഭരദ്വാജ് വ്യക്തമാക്കുന്നു. വേനൽക്കാലത്ത് അമിതമായി കുളിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ചർമ്മം വരണ്ടുപോകാനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വേനൽക്കാലത്ത് വിയർപ്പും ശരീര ദുർഗന്ധവും ഒഴിവാക്കാനും, അണുബാധകളിൽ നിന്നും തിണർപ്പുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും കുളി അത്യാവശ്യമാണ്. സാധാരണയായി ദിവസത്തിൽ ഒന്നോ രണ്ടോ തവണ കുളിക്കുന്നതാണ് ഉചിതം. മുഴുവൻ സമയവും വീടിനുള്ളിൽ തന്നെ കഴിയുന്നവർക്ക് ദിവസം ഒരു നേരത്തെ കുളി മതിയകും. എന്നാൽ വെയിലത്ത് ജോലി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ, വ്യായാമം ചെയ്യുന്നവർ എന്നിവർക്ക് വിയർപ്പും ദുർഗന്ധവും മാറ്റാൻ രണ്ടുതവണ കുളിക്കാവുന്നതാണ്. ഇതിൽക്കൂടുതൽ തവണ കുളിക്കുന്നത് ചർമ്മത്തിൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാക്കും.
ദിവസം രണ്ടുതവണ കുളിക്കുമ്പോൾ വെള്ളത്തിന്റെ തണുപ്പ് ശ്രദ്ധിക്കണം. അന്തരീക്ഷ താപനില പോലെ തന്നെ ചൂടുള്ള വെള്ളത്തിലാണ് കുളിക്കുന്നതെങ്കിൽ ചർമ്മം വേഗത്തിൽ വരണ്ടുപോകും. അതിനാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കുളിക്കാൻ ശ്രദ്ധിക്കുക. രാവിലെയുള്ള കുളി ശരീരത്തിന് ഉന്മേഷം തരുമ്പോൾ, വൈകുന്നേരത്തെ കുളി ശരീരത്തിലെ വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. വിയർപ്പ് കൂടുതലുള്ള ഭാഗങ്ങളിൽ മാത്രം സോപ്പ് ഉപയോഗിക്കുകയും, കെമിക്കലുകൾ കുറഞ്ഞ വീര്യം കുറഞ്ഞ സോപ്പുകൾ തിരഞ്ഞെടുക്കുകയും വേണം. കുളിച്ചതിനു ശേഷം ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ പുരട്ടുന്നതും വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ചർമ്മത്തിൽ അമിതമായി വരൾച്ച കാണുക, വെളുത്ത പാടുകൾ വരിക, കുളിച്ചതിനു ശേഷം ചർമ്മം വലിഞ്ഞു മുറുകുന്നതായി തോന്നുക, ചൊറിച്ചിലോ ചുവപ്പോ ഉണ്ടാവുക എന്നിവയൊക്കെ നിങ്ങൾ അമിതമായി കുളിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കുളിക്കുന്നതിന്റെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, വേനൽക്കാലത്ത് വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം.




