ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ആക്ഷേപഹാസ്യ പ്ലാറ്റ്ഫോം ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി) ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പിയുടെ ആരോപണം കണക്കുകൾ നിരത്തി തള്ളിക്കളഞ്ഞ് സ്ഥാപകൻ അഭിജീത്ത് ദിപ്കെ . തന്റെ പേജിന്റെ യഥാർത്ഥ വിവരങ്ങൾ വ്യക്തമാക്കുന്ന അനലിറ്റിക്‌സ് സ്‌ക്രീൻ റെക്കോർഡിങ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു.
ഈ വീഡിയോയിലെ ഡാറ്റ അനുസരിച്ച്, പേജിനെ പിന്തുടരുന്നവരിൽ 94.7 ശതമാനം ആളുകളും ഇന്ത്യയിൽ നിന്നുള്ളവരാണ്. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഒരു ശതമാനവും, യു.കെയിൽ നിന്ന് 0.7 ശതമാനവും, കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം വീതവും മാത്രമാണ് പ്രേക്ഷകരുള്ളത്. ഇന്ത്യൻ ഫോളോവേഴ്‌സിൽ ഏറ്റവും കൂടുതൽ പേർ ഡൽഹിയിൽ നിന്നാണ് (9.3 ശതമാനം). ബെംഗളൂരുവിൽ നിന്ന് 6.2 ശതമാനവും, മുംബൈയിൽ നിന്ന് 5.1 ശതമാനവും, കൊൽക്കത്തയിൽ നിന്ന് 4.5 ശതമാനവും, പൂനെയിൽ നിന്ന് 2.5 ശതമാനവും ആളുകൾ ഈ പേജ് പിന്തുടരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അഭിജീത്ത് പുറത്തുവിട്ട വീഡിയോയിലെ മികച്ച പ്രേക്ഷകരുടെ പട്ടികയിൽ എവിടെയും പാകിസ്താനോ ബംഗ്ലാദേശോ ഇല്ല എന്നത് ശ്രദ്ധേയമാണ്. സി.ജെ.പിയുടെ ഫോളോവേഴ്‌സിൽ 49 ശതമാനം പേർ പാകിസ്താനികളും 14 ശതമാനം പേർ ബംഗ്ലാദേശികളുമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രധാന ആരോപണം. എന്നാൽ അക്കൗണ്ടിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നതോടെ ഈ വാദങ്ങൾ പാടെ പൊളിഞ്ഞു.
നേരത്തെ ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ട സി.ജെ.പി അക്കൗണ്ട് ഇപ്പോൾ വീണ്ടും ലഭ്യമായിട്ടുണ്ട്. എങ്കിലും, ഈ പ്ലാറ്റ്‌ഫോമിനെതിരെ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് അഭിജീത്ത് ആരോപിക്കുന്നു. സി.ജെ.പിയുടെ വെബ്‌സൈറ്റ് ഇപ്പോൾ ഇന്ത്യയിലോ മറ്റ് പല വിദേശ രാജ്യങ്ങളിലോ ആക്‌സസ് ചെയ്യാൻ കഴിയുന്നില്ല. ഇതേക്കുറിച്ച് പ്രതികരിച്ച അഭിജീത്ത്, അവർ എന്തിനാണ് പാറ്റകളെ ഇത്രയധികം ഭയപ്പെടുന്നതെന്ന് പരിഹസിച്ചു ചോദിച്ചു.
“പാറ്റകൾ ഒരിക്കലും ചാവില്ല” എന്ന് വ്യക്തമാക്കിയ അദ്ദേഹം, തങ്ങൾക്കായി പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും എക്‌സിലൂടെ അറിയിച്ചു. യു.എസിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അഭിജീത്ത് തുടങ്ങിയ ഈ പ്ലാറ്റ്‌ഫോം ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചു എന്ന വിവാദത്തിന് പിന്നാലെ മെയ് 16നാണ് കോക്ക്രോച്ച് ജനതാ പാർട്ടി രൂപീകൃതമാകുന്നത്. തന്റെ പരാമർശം വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് പിന്നീട് തിരുത്തിയെങ്കിലും ഓൺലൈനിൽ വലിയ വിമർശനം ഉയർന്നിരുന്നു.
ദിവസങ്ങൾക്കകം 20 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയതോടെയാണ് ഈ അക്കൗണ്ട് നിരോധിക്കപ്പെട്ടതും ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നതും. എന്നാൽ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ ടി.എം.സി നേതാക്കൾ പ്രതീകാത്മകമായി ഈ പാർട്ടിയിൽ ചേരുകയും, ശശി തരൂർ, കെ.സി വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കോക്രോച്ച് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.




