ക്രിക്കറ്റ് മൈതാനങ്ങളിൽ വിക്കറ്റ് നേട്ടത്തിന് ശേഷം ബൗളർമാർ പലവിധത്തിൽ ആഘോഷിക്കാറുണ്ട്. എന്നാൽ ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ കണ്ടത് ഏറെ വ്യത്യസ്തമായ ഒരു വിക്കറ്റാഘോഷമായിരുന്നു. ലഖ്‌നൗവിനായി കളിച്ച ആകാശ് മഹാരാജ് സിങ്ങാണ് ഈ വ്യത്യസ്തമായ ആഘോഷത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്നത്.
തന്റെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ വിറപ്പിക്കുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ, ഉർവിൽ പട്ടേൽ എന്നീ പ്രമുഖ താരങ്ങളെ പുറത്താക്കി ചെന്നൈയുടെ ടോപ്പ് ഓർഡർ തകർക്കാൻ ആകാശിന് കഴിഞ്ഞു. നാല് ഓവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്ന് സുപ്രധാന വിക്കറ്റുകൾ വീഴ്ത്തിയത്.
മത്സരത്തിൽ ഓരോ വിക്കറ്റ് നേടുമ്പോഴും ആകാശ് തന്റെ പോക്കറ്റിൽ നിന്ന് ഒരു കുറിപ്പ് പുറത്തെടുത്ത് ഉയർത്തി കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ കളി കാണുന്നവർക്കോ കമന്റേറ്റർമാർക്കോ ആദ്യം ഇത് വ്യക്തമായി വായിക്കാൻ സാധിച്ചിരുന്നില്ല. മുൻ വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷപ്പ് പോലും കമന്ററിക്കിടെ ഈ കുറിപ്പിലെ രഹസ്യമറിയാൻ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.
ഒടുവിൽ ക്യാമറകൾ ആ കുറിപ്പിലെ വാചകങ്ങൾ ഒപ്പിയെടുത്തതോടെയാണ് കാണികളുടെ ആകാംക്ഷ അവസാനിച്ചത്. ‘അക്കി ഫോമിലാണ് – ഒരു ടി20 മത്സരത്തിൽ എങ്ങനെ വിക്കറ്റുകൾ എടുക്കണമെന്ന് ആകാശിന് അറിയാം’ (#Akki on fire – Akash knows how to take wickets in a T20 game) എന്നായിരുന്നു ആ കുറിപ്പിൽ എഴുതിയിരുന്നത്. ഈ വെറൈറ്റി ആഘോഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.




