മനുഷ്യത്വവും സഹാനുഭൂതിയും സ്നേഹവുമെല്ലാം ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൈകളില്ലാതെ ജനിച്ച തന്റെ സഹപാഠിയെ ഊട്ടുവാൻ സഹായിക്കുന്ന അഞ്ചു വയസ്സുകാരിയുടെ വീഡിയോയാണിത്.
സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് മറ്റ് കുട്ടികൾ ചുറ്റും നിൽക്കുമ്പോൾ, ആ പെൺകുട്ടി വളരെ ക്ഷമയോടെ ആൺകുട്ടിക്ക് സ്പൂൺ ഉപയോഗിച്ച് ഭക്ഷണം നൽകുന്നത് വീഡിയോയിൽ കാണാം. ഭക്ഷണം നൽകിയ ശേഷം അവന്റെ മുഖം മൃദുവായി തുടച്ചു കൊടുക്കുന്ന അവളിലെ സ്നേഹമാണ് ഈ വീഡിയോയെ കൂടുതൽ ഹൃദ്യമാക്കുന്നത്.
‘ഗുഡ് ന്യൂസ് മൂവ്‌മെന്റ്’ (GoodNewsMovement) എന്ന എക്‌സ് (X) പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. “നമുക്ക് ലോകത്തെ കരുണ കൊണ്ട് മാറ്റാം” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. എവിടെയും എപ്പോഴും നന്മ കണ്ടെത്താമെന്നും, സഹജീവികളോടുള്ള കരുണ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഈ അഞ്ചു വയസ്സുകാരി നമുക്ക് കാണിച്ചുതരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ഈ കൊച്ചു മിടുക്കിയുടെ സൽപ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെക്കുകയാണ്.




