Featured Lifestyle

ഓവർതിങ്കിങ് ആണോ നിങ്ങളുടെ പ്രശ്നം? മനസ്സിനെ ശാന്തമാക്കാൻ ഇതാ ചില ‘സയന്റിഫിക്’ വിദ്യകൾ

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതചിന്ത അഥവാ ‘ഓവർതിങ്കിംഗ്’. ഒരു ചെറിയ ആശങ്കയിൽ തുടങ്ങുന്ന ഈ ചിന്തകൾ പെട്ടെന്ന് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധം വളരുന്നു. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോ, ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോ ഉള്ള അനാവശ്യമായ ആകുലതകൾ നമ്മളെ ശാരീരികമായും മാനസികമായും തളർത്തുന്നു.

ഇത് വർത്തമാനകാലത്തെ ആസ്വദിക്കുന്നതിനോ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ തടസ്സമാകുന്നു. സോഷ്യൽ മീഡിയയുടെയും വിവരങ്ങളുടെയും അതിപ്രസരമുള്ള ഇന്നത്തെ കാലത്ത് ഇത്തരം ചിന്തകൾ മാനസികസമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നു. ചിന്തിക്കുന്നത് നിർത്തുക എന്നതല്ല, മറിച്ച് അവയെ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കുക എന്നതാണ് പ്രധാനം.

ഒരേ ചിന്തകൾ തന്നെ വീണ്ടും വീണ്ടും വരുന്നത് തിരിച്ചറിയുകയാണ് ആദ്യഘട്ടം എന്ന് മുംബൈയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിപാൽ മേത്ത പറയുന്നു. അമിതചിന്തയെ നിയന്ത്രിക്കാൻ ചില ലളിതമായ വഴികളുണ്ട്. ഒന്നാമതായി, വർത്തമാന നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക. ശ്വസനത്തിലോ ചുറ്റുമുള്ള കാഴ്ചകളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനാവശ്യ ചിന്തകളെ അകറ്റാൻ സഹായിക്കും. രണ്ടാമതായി, പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഒരു നിശ്ചിത സമയം മാത്രം മാറ്റി വെക്കുക (ഉദാഹരണത്തിന് 10 മിനിറ്റ്). അത് കഴിഞ്ഞാൽ മറ്റൊരു കാര്യത്തിലേക്ക് ശ്രദ്ധ മാറ്റുക. മൂന്നാമതായി, മനസ്സിലുള്ള കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതി വെക്കുക. ഇത് ചിന്തകൾക്ക് കൂടുതൽ വ്യക്തത നൽകാനും പേടി കുറയ്ക്കാനും സഹായിക്കും.

നാലാമതായി, ഒരു പ്രശ്നത്തിന് പരിഹാരമുണ്ടെങ്കിൽ അതിനായി ചെറിയൊരു നടപടിയെങ്കിലും സ്വീകരിക്കുക. ഇത് നമുക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകും. അഞ്ചാമതായി, അനാവശ്യമായ വിവരങ്ങൾ തലയിലേക്ക് നിറയ്ക്കുന്നത് ഒഴിവാക്കുക. സോഷ്യൽ മീഡിയയിൽ നിന്നും വാർത്തകളിൽ നിന്നും ഇടവേളകൾ എടുക്കുന്നത് മനസ്സിന് വിശ്രമം നൽകും. ആറാമതായി, ശ്വസന വ്യായാമങ്ങൾ, നടത്തം അല്ലെങ്കിൽ പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. ചിന്തകൾ യാഥാർത്ഥ്യമാണോ അതോ വെറും ഭയമാണോ എന്ന് സ്വയം ചോദിക്കുന്നത് നന്നായിരിക്കുമെന്ന് സൈക്കോളജിസ്റ്റ് ഏകത ധരിയ നിർദ്ദേശിക്കുന്നു.

നമ്മളോട് തന്നെ ദയ കാണിക്കുക എന്നതാണ് ഏറ്റവും പ്രധാനം. എല്ലാം ശരിയാക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് പലപ്പോഴും അമിതചിന്ത ഉണ്ടാകുന്നത്. എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ല എന്ന് തിരിച്ചറിയുന്നത് മനസ്സിന് സമാധാനം നൽകും. ചിന്തകളെ നിയന്ത്രിക്കാൻ പഠിക്കുമ്പോൾ കൂടുതൽ വ്യക്തതയും സന്തോഷവും ജീവിതത്തിൽ ഉണ്ടാകുന്നു. ലളിതമായ ഈ മാറ്റങ്ങളിലൂടെ അമിതചിന്ത കുറച്ച് മനസ്സിനെ ഭാരം കുറഞ്ഞതാക്കാൻ നമുക്ക് സാധിക്കും.