ന്യൂഡൽഹി: രാഘവ് ഛദ്ദ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നോ? വെള്ളിയാഴ്ച നടന്ന നാടകീയമായ കൂടുമാറ്റത്തിന് പിന്നാലെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതിഷി ശ്രുതി ദ്വിവേദി 2023-ൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “വരും കാലത്ത് രാഘവ് ഛദ്ദ ബിജെപിയിൽ ചേരും” എന്നായിരുന്നു 2023 ഒക്ടോബറിൽ ശ്രുതി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തനായി ഛദ്ദ അറിയപ്പെട്ടിരുന്ന ആ സമയത്ത് ആരും ഈ പ്രവചനം കാര്യമാക്കിയിരുന്നില്ല.
എന്നാൽ ഈ പ്രവചനം ഇപ്പോൾ സത്യമായതോടെ തന്റെ പഴയ കുറിപ്പ് ശ്രുതി വീണ്ടും പങ്കുവെച്ചു. വാർത്തകൾ വരുന്നതിനും ആരും ചിന്തിക്കുന്നതിനും മുൻപേ തന്റെ ജ്യോതിഷ ജ്ഞാനത്തിലൂടെ താൻ ഇത് തിരിച്ചറിഞ്ഞുവെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗ്രഹനിലകൾ പരിശോധിച്ചാണ് ഈ പ്രവചനം നടത്തിയതെന്നും ഇത് കേവലം ഊഹമല്ലെന്നും അവർ അവകാശപ്പെടുന്നു.
കഴിഞ്ഞ കുറച്ച് കാലമായി രാഘവ് ഛദ്ദ എഎപി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയത് പാർട്ടിക്കുള്ളിലെ ഭിന്നതകൾ പുറത്തുകൊണ്ടുവന്നു. ഇതിന് പിന്നാലെ ഛദ്ദ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പാർട്ടിയോടുള്ള അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്ന ഛദ്ദ, തന്റെ പഴയ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ മോദിയെ പുകഴ്ത്തുന്ന പോസ്റ്റുകൾ മാത്രമാണുള്ളതെന്നും ഭരദ്വാജ് ആരോപിച്ചു.
വെള്ളിയാഴ്ചയാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ ആ രാഷ്ട്രീയ മാറ്റം സംഭവിച്ചത്. രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് എഎപി എംപിമാർ ഒരേസമയം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, വിക്രം സാഹ്നി, സ്വാതി മാലിവാൾ, രാജേന്ദ്ര ഗുപ്ത എന്നിവരാണ് ഛദ്ദക്കൊപ്പം ബിജെപിയിൽ ചേർന്ന മറ്റ് നേതാക്കൾ.
ഈ കൂടുമാറ്റത്തിന് പിന്നാലെ ശ്രുതി ദ്വിവേദി അടുത്ത പ്രവചനവും നടത്തിക്കഴിഞ്ഞു. വരും കാലത്ത് രാഘവ് ഛദ്ദ ഡൽഹിയുടെയോ പഞ്ചാബിന്റെയോ മുഖ്യമന്ത്രിയാകുമെന്നാണ് ശ്രുതിയുടെ പുതിയ പ്രവചനം. ഈ പ്രവചനവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറുകയാണ്.




