Oddly News

ഗസൽ മോളൻ; ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതാ പോരാളി, ഹൃദയം വിങ്ങും ഈ അന്ത്യചുംബനരംഗം

ഇറാഖിന്റെ വടക്കൻ മേഖലയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരിയായ കുർദിഷ് പോരാളി ഗസൽ മൊളാൻ അന്തരിച്ചു. കുർദിഷ് പെഷ്മെർഗ സേനയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പോരാളികളിൽ ഒരാളായിരുന്നു ഗസൽ. ഇക്കഴിഞ്ഞ ഏപ്രിൽ 14-ന് സൂർദാഷിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഇറാൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഗസലിന് ഗുരുതരമായി പരിക്കേറ്റത്. കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പായ കൊമാല പാർട്ടിയുമായി ബന്ധമുള്ള കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്.

ഗസലിന്റെ മരണം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. പരിക്കേറ്റ ഗസലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സൗകര്യങ്ങളുടെ കുറവ് കാരണം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. എന്നാൽ കുർദിഷ് സായുധ ഗ്രൂപ്പുമായി ബന്ധമുള്ള വ്യക്തിയായതിനാൽ ചികിത്സ നൽകിയാൽ തങ്ങൾക്കും പ്രശ്നമാകുമെന്ന് ഭയന്ന് ചില ആശുപത്രി അധികൃതർ ചികിത്സ നൽകാൻ വിസമ്മതിച്ചതായി ആരോപണമുണ്ട്. രക്തം വാർന്ന് നില ഗുരുതരമായിട്ടും ഒരു ആശുപത്രി അധികൃതർ 45 മിനിറ്റോളം ഗസലിനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞു. ഒടുവിൽ മറ്റൊരു മെഡിക്കൽ സെന്ററിൽ എത്തിച്ചപ്പോഴേക്കും നില അതീവ ഗുരുതരമാവുകയും അവർ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മരണശേഷവും ഗസലിനോട് ആശുപത്രി അധികൃതർ ക്രൂരത തുടർന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇടത് ചിന്താഗതിയുള്ള പെഷ്മെർഗ ഗ്രൂപ്പിൽ അംഗമായതിനാൽ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ പോലും അധികൃതർ തയ്യാറായില്ല. ഒടുവിൽ സുലൈമാനിയയിലെ ഒരു ലൈബ്രറിക്കുള്ളിൽ വെച്ചാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം സംസ്കാരത്തിന് സജ്ജമാക്കിയത്. അവിടെ വെച്ച് ഗസലിന്റെ ഭർത്താവും സുഹൃത്തുക്കളും അവർക്ക് അവസാനയാത്ര നൽകി.

സംസ്കാര ചടങ്ങുകൾ നടക്കുന്ന സമയത്തും ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും മിസൈൽ ആക്രമണ ഭീഷണിയുണ്ടായിരുന്നതിനാൽ അതീവ രഹസ്യമായും വേഗത്തിലുമാണ് സംസ്കാരം പൂർത്തിയാക്കിയത്. സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും അവകാശങ്ങൾക്കായി പൊരുതാൻ തീരുമാനിച്ച ഗസലിന്റെ ധീരതയെ കുർദിഷ് മനുഷ്യാവകാശ പ്രവർത്തകർ ആദരവോടെയാണ് കാണുന്നത്. മറ്റുള്ളവർ സുഖസൗകര്യങ്ങളിൽ ജീവിക്കുമ്പോൾ തന്റെ ജീവിതം പോരാട്ടത്തിനായി സമർപ്പിച്ച ധീരയായ യുവതിയായിരുന്നു ഗസൽ എന്ന് അവർ അനുസ്മരിച്ചു.