‘സാരാഭായ് വേഴ്സസ് സാരാഭായ്’ എന്ന പ്രശസ്ത ഹാസ്യപരമ്പരയിലെ റോശേഷ് സാരാഭായ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് കുമാർ. എന്നാല്‍ അഭിനയം വിട്ട് കൃഷിയിലേക്ക് തിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പറയുകയാണ് നടന്‍ ഇപ്പോള്‍. കോവിഡ് കാലത്താണ് അദ്ദേഹം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് ജൈവകൃഷിയിലേക്ക് ഇറങ്ങിയത്. എന്നാൽ ആ ഉദ്യമം വൻ പരാജയമാവുകയും ഏകദേശം രണ്ട് കോടി രൂപയോളം കടബാധ്യത ഉണ്ടാവുകയും ചെയ്തു.
പട്‌നയിൽ 20 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി തുടങ്ങിയത്. എന്നാൽ കനത്ത വെള്ളപ്പൊക്കത്തിൽ 15,000-ത്തോളം തൈകൾ നശിച്ചുപോയത് വലിയ തിരിച്ചടിയായി. ഒരു ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടിൽ വെറും 2,500 രൂപ മാത്രം അവശേഷിക്കുകയും മകന്റെ സ്‌കൂളിന് മുന്നിൽ പച്ചക്കറി വിൽക്കേണ്ട സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു. പാപ്പരത്തത്തിന്റെ വക്കിലെത്തിയ ആ നാളുകളിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന തന്നെ കണ്ട് ആളുകൾ പരിഹസിച്ചിരുന്നതായും അദ്ദേഹം ഓർക്കുന്നു.
എന്നാൽ ഇപ്പോൾ തന്റെ കടബാധ്യതയുടെ 85-90 ശതമാനവും വീട്ടി കഴിഞ്ഞതായും ഇനി 20 ലക്ഷം രൂപ കൂടി മാത്രമേ നൽകാനുള്ളൂ എന്നും രാജേഷ് കുമാർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ സഹോദരിമാർ ജോലി രാജിവെച്ച് അദ്ദേഹത്തിനൊപ്പം കൃഷിയിൽ സഹായിക്കാൻ എത്തിയത് വലിയ ആശ്വാസമായി. സഹോദരിമാർ കൃഷി ഏറ്റെടുത്തതോടെ രാജേഷ് കുമാർ വീണ്ടും അഭിനയരംഗത്ത് സജീവമായി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സയാറ’ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തി. ആഡംബര കാറുകൾ ഉപേക്ഷിച്ച് ഇപ്പോഴും ഓട്ടോയിലും ഓൺലൈൻ ടാക്സികളിലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന അദ്ദേഹം, താൻ കടന്നുപോയ കഠിനമായ ജീവിതപാഠങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. കൃഷി ഉപേക്ഷിച്ചിട്ടില്ലെന്നും വരും ദിവസങ്ങളിൽ കൃഷിയിൽ തന്നെ വ്യത്യസ്തമായ ഒരു സംരംഭം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




