Crime

15കാരിയെക്കൊണ്ട് വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി, പണം മോഷ്ടിച്ച് ആൺസുഹൃത്തും സംഘവും, പിന്നാലെ കൂട്ടബലാത്സംഗം

ബിജ്‌നോറിൽ പതിനഞ്ചുകാരിയെ ഉപയോഗിച്ച് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും ഉൾപ്പെടുന്നുണ്ടെന്ന് ബിജ്‌നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ് അറിയിച്ചു. പ്രതികളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി വീട്ടുകാർക്ക് നൽകിയ ചായയിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു.

വീട്ടുകാർ ബോധരഹിതരായതോടെ പെൺകുട്ടിയുടെ ഇരുപത്തിരണ്ടുകാരനായ സുഹൃത്തും മറ്റ് പ്രതികളും ചേർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയത്. ലഹരിമുക്തരായ ശേഷം വീട്ടുകാർ വിവരം അറിഞ്ഞതോടെയാണ് നാടുനടുക്കിയ ഈ സംഭവം പുറംലോകമറിഞ്ഞത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടിയ പൊലീസ് അവർ മോഷ്ടിച്ച സാധനങ്ങളും വീണ്ടെടുത്തിട്ടുണ്ട്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.