Oddly News

ഡൈവിംഗിനിടെ സ്രാവ് തുടയിൽ കടിച്ചു! ബ്രസീലിയൻ സുന്ദരിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ബ്രസീലിയൻ സർഫറും അഭിഭാഷകയുമായ തായൻ കച്ചോയിറ ദലാസനെ കടലിൽ വെച്ച് സ്രാവ് കടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ഈ വർഷം ജനുവരിയിൽ ബ്രസീലിലെ ഫെർണാണ്ടോ ഡി നൊറോണ ദ്വീപിന് സമീപം ഡൈവിംഗിനിടെയാണ് ഈ അപൂർവ്വ സംഭവം നടന്നത്. സമുദ്രത്തിനടിയിലേക്ക് മുങ്ങുന്ന തായന്റെ കാലിൽ ഒരു നേഴ്സ് ഷാർക്ക് വന്ന് കടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തതയോടെ പുറത്തുവന്നിട്ടുണ്ട്.

36 വയസ്സുകാരിയായ തായന്റെ തുടയിൽ സ്രാവ് കടിച്ച പാടുകൾ ഉണ്ടായെങ്കിലും പരിക്ക് ഗുരുതരമായിരുന്നില്ല. കടലിലെ പാവത്താൻമാർ എന്ന് അറിയപ്പെടുന്ന ‘നേഴ്സ് ഷാർക്കുകൾ’ സാധാരണയായി മനുഷ്യരെ ഉപദ്രവിക്കാറില്ല. അതിനാൽ തന്നെ ഈ സംഭവം അത്യപൂർവ്വമായാണ് കണക്കാക്കപ്പെടുന്നത്. ഇവയ്ക്ക് മനുഷ്യരെ ഇരയാക്കുന്ന സ്വഭാവമില്ലെന്നും കൗതുകം കൊണ്ടോ അബദ്ധത്തിലോ ആയിരിക്കാം ഇത് സംഭവിച്ചതെന്നും വിദഗ്ധർ പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തായൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം സ്രാവുകൾക്കൊപ്പം നീന്തുന്നത് സുരക്ഷിതമായ വിനോദമാണെന്നും തന്റെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും അവർ പറഞ്ഞു. “ഇത് സ്രാവുകളുടെ സ്വാഭാവികമായ പെരുമാറ്റമല്ലെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു,” തായൻ കുറിച്ചു.

പരിക്കുകളിൽ നിന്ന് പൂർണ്ണമായി മുക്തയായ തായൻ വൈകാതെ തന്നെ സർഫിംഗിലേക്കും ഡൈവിംഗിലേക്കും മടങ്ങിയെത്തി. അപകടം നടന്ന അതേ സ്ഥലത്ത് വീണ്ടും സന്ദർശനം നടത്തുകയും സ്രാവുകൾക്കൊപ്പം നീന്തുകയും ചെയ്തു. തനിക്ക് ഇപ്പോൾ ഭയമില്ലെന്നും പ്രകൃതിയെയും സമുദ്രജീവികളെയും അടുത്തറിയുന്നതിൽ സന്തോഷമേയുള്ളൂവെന്നും അവർ വ്യക്തമാക്കി. തെറ്റായ ധാരണകൾ മൂലം ഇത്തരം ജീവികളോട് ഭയം വേണ്ടെന്നും കൃത്യമായ മുൻകരുതലുകൾ മതിയെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.