ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ ജീവനുള്ള പാറ്റകളെ നിറച്ച ജാക്കറ്റ് ധരിച്ചുനിൽക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സബ്‌വേ പ്ലാറ്റ്‌ഫോമിൽ ശാന്തനായി നിൽക്കുന്ന ഇയാളുടെ ജാക്കറ്റിലെ സുതാര്യമായ അറകൾക്കുള്ളിൽ പാറ്റകൾ ഇഴഞ്ഞുനടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ‘അൺകോമൺ എൻവൈ’ എന്ന സ്ട്രീറ്റ്‌വെയർ ബ്രാൻഡ് തങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത ഒരു മാർക്കറ്റിംഗ് തന്ത്രമായിരുന്നു ഈ വിചിത്രമായ വേഷം.
ജാക്കറ്റിനുള്ളിലെ പ്രാണികളെ കണ്ട് യാത്രക്കാർ അമ്പരന്നെങ്കിലും ആരും ഇതിൽ ഇടപെട്ടില്ല. ന്യൂയോർക്കുകാരുടെ സ്വഭാവമനുസരിച്ച് ഇത്തരം വിചിത്രമായ കാഴ്ചകൾ അവർക്ക് പുത്തരിയല്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെക്കുറിച്ച് തമാശരൂപേണ പ്രതികരിച്ചത്. എന്നാൽ ഭയാനകമായ ഈ കാഴ്ച തന്നെ അസ്വസ്ഥനാക്കുന്നു എന്ന് പലരും കമന്റ് ചെയ്തു. ഇൻസ്റ്റഗ്രാം, റെഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പങ്കുവെക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്.
‘റോച്ച്‌കോട്ട്’ (Roachcoat) എന്നാണ് ഈ ജാക്കറ്റിന് പേരിട്ടിരിക്കുന്നത്. ഇതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത് മഡഗാസ്കർ ഹിസ്സിംഗ് കോക്രോച്ചുകളെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമകളിലും മറ്റും സാധാരണയായി ഉപയോഗിക്കുന്ന ഒരിനം പാറ്റകളാണിവ. ഫാഷനെയും പ്രകടനകലയെയും സമന്വയിപ്പിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാനാണ് ഈ ബ്രാൻഡ് ലക്ഷ്യമിട്ടത്.
ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ ഒരു കായിക പശ്ചാത്തലവുമുണ്ട്. എൻ.ബി.എ മത്സരങ്ങൾക്കിടെ ന്യൂയോർക്ക് നിക്‌സ് ടീമിനെ ‘പാറ്റകൾ’ എന്ന് വിളിച്ച് എതിരാളികൾ പരിഹസിച്ചിരുന്നു. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും അതിജീവിക്കുന്നവർ എന്ന അർത്ഥത്തിലാണ് ബ്രാൻഡ് ഈ പരിഹാസത്തെ ഏറ്റെടുത്തത്. അതിജീവനത്തിന്റെ അടയാളമായിട്ടാണ് തങ്ങൾ പാറ്റകളെ ഫാഷനിൽ ഉൾപ്പെടുത്തിയതെന്ന് ഇവർ അവകാശപ്പെടുന്നു. എന്തായാലും ഈ ‘പാറ്റ ജാക്കറ്റ്’ ഇപ്പോൾ ഇന്റർനെറ്റിലെ പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.




