Crime

കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസം ; 15 കാരിയെ ജേഷ്ഠനും ചേച്ചിയും ചേര്‍ന്ന് തല്ലിക്കൊന്നു

രാജ്‌കോട്ട്: ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം ഉണ്ടാകുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 15 കാരിയെ മൂത്ത സഹോദരനും സഹോദരിയും ചേര്‍ന്ന് തല്ലിക്കൊന്നു. ഗുജറാത്തിലെ ജാംനഗര്‍ ജില്ലിയിലെ ഹജംകോറ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ശ്രദ്ധാ തഡ്‌വി എന്ന പെണ്‍കുട്ടിയെയാണ് മരണമടഞ്ഞത്. സഹോദരന്‍ രാകേഷും സഹോദരി സവിതയും ചേര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. ഇവര്‍ താമസിക്കുന്ന വീടിരിക്കുന്ന ഫാമിന്റെ ഉടമസ്ഥാന്‍ ബിപിന്‍ ബരൈയ്യ ചൊവ്വാഴ്ച രാകേഷിന്റെയും സവിതയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സംഭവം വെളിയില്‍ വന്നത്. ഉടന്‍ തന്നെ ബിപിന്‍ പോലീസിനെ വിളിക്കുകയും അവര്‍ എത്തി മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.

ബരൈയ്യ നല്‍കിയ പരാതിയില്‍ രാകേഷിനെയും സവിതയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് അന്ധിവിശ്വാസത്തിന്റെ കഥ പുറത്തു വന്നത്. കടുത്ത മതവിശ്വാസികളുടെ കുടുംബമാണ് രാകേഷിന്റേത്. നവരാത്രിയുടെ ആദ്യദിവസം മുതല്‍ ഇവര്‍ ഉപവാസത്തിലായിരുന്നു. മുറിയില്‍ ചാമുണ്ഡദേവിയുടെ പ്രതിഷ്ഠ വെച്ച് ശ്രദ്ധയും സവിതയും പൂജ നടത്തുകയും നാമം ജപിക്കുകയും ചെയ്തിരുന്നു.

പുജയ്ക്കിടയില്‍ ശ്രദ്ധയുടെ പാപം അധികരിച്ചിരിക്കുകയാണെന്നും അവള്‍ ജീവിച്ചിരുന്നാല്‍ കുടുംബത്തില്‍ അകാലമരണം സംഭവക്കുമെന്നും സവിത പറയാന്‍ തുടങ്ങി. ഇത് കേട്ട ഉടന്‍ രാകേഷും സവിതയും ചേര്‍ന്ന് ശ്രദ്ധയുടെ വസ്ത്രം മുഴുവന്‍ ഊരിയെറിഞ്ഞ ശേഷം മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഇതിനിടയില്‍ സവിത ഒരു കത്തിയെടുത്ത് ശ്രദ്ധയെ വീണ്ടും വീണ്ടും കുത്തുകയും ചെയ്തു.

പിന്നീട് ശ്രദ്ധയെ എടുത്തുകൊണ്ടു വീടിന് പുറത്തേക്ക് കൊണ്ടുപോകുകയും തലയില്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയും തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ശ്രദ്ധ മരിച്ചു. ദഹോദിലെ മാണ്ഡവ് ജില്ലയില്‍ നിന്നുമാണ് കുടുംബം വരുന്നത്. ഇവരുടെ പിതാവ് കടുത്ത മതവിശ്വാസിയും പ്രത്യേകദിവസങ്ങളില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തിയിരുന്ന ആളാണെന്നുമാണ് പോലീസ് പറയുന്നത്.