Oddly News

വെറും 252 രൂപ, ഇന്ത്യയിൽ മരുന്നിന് ഇത്ര വിലക്കുറവോ? അമ്പരന്ന് വിദേശ വനിത; ഇനി താമസം ഇങ്ങോട്ടേക്ക്!

ഭാരതത്തിലെ മരുന്നുകളുടെ കുറഞ്ഞ വില കണ്ട് അത്ഭുതപ്പെട്ട ഒരു വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 25 വയസ്സുകാരിയായ ഐനസ് ഫാരിയ എന്ന യാത്രക്കാരി കേരളത്തിലെ മൺറോ തുരുത്തിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. തന്റെ ചുമയ്ക്ക് മരുന്ന് വാങ്ങാൻ എത്തിയ ഐനസിന് ഒരു കുപ്പി ചുമ സംഹാരിയും മൂന്ന് പാക്കറ്റ് തൊണ്ടവേദനയ്ക്കുള്ള ഗുളികകളും ലഭിച്ചു. ഇതിനെല്ലാം കൂടി വെറും 252 രൂപ മാത്രമാണ് ബില്ല് വന്നത്.

യൂറോപ്യൻ രാജ്യങ്ങളിലെ ഉയർന്ന മരുന്ന് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 2 യൂറോയ്ക്ക് തുല്യമാണ്. ഇത്രയും കുറഞ്ഞ വിലയിൽ മരുന്ന് ലഭിച്ചപ്പോൾ താൻ ഇന്ത്യയിലേക്ക് താമസം മാറാൻ ആലോചിക്കുകയാണെന്ന് അവർ തമാശയായി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ പോയിരുന്നെങ്കിൽ ഈ മരുന്നുകൾ തികച്ചും സൗജന്യമായി ലഭിക്കുമായിരുന്നു എന്ന് പലരും കമന്റുകളിലൂടെ ചൂണ്ടിക്കാട്ടി.

കൂടാതെ, ബ്രാൻഡഡ് മരുന്നുകൾക്ക് പകരം സർക്കാർ നിയന്ത്രണത്തിലുള്ള ജനറിക് മരുന്നുകൾ വാങ്ങിയാൽ ഇതിലും കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിക്കുമെന്നും ചിലർ ഓർമ്മിപ്പിച്ചു. തേനും കുരുമുളകും ചേർത്ത മിശ്രിതം പോലുള്ള നാട്ടുവൈദ്യങ്ങളെക്കുറിച്ചും ചിലർ കമന്റ് ബോക്സിൽ നിർദ്ദേശങ്ങൾ നൽകി.