Movie News

പാചകവാതക പ്രതിസന്ധി; സെറ്റില്‍ ഭക്ഷണം നല്‍കാനാകില്ല, മലയാള സിനിമാ ചിത്രീകരണം നിലച്ചേക്കും

മുംബൈ: ഇറാന്‍-ഇസ്രയേല്‍, യു.എസ്. യുദ്ധത്തെത്തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധി രാജ്യത്തെ സിനിമാ മേഖലയെയും ബാധിക്കുന്നു. സെറ്റുകളില്‍ ഭക്ഷണം നല്‍കുന്നത് പ്രതിസന്ധിയിലായതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണവും മുടങ്ങുന്ന സ്ഥിതിയാണ്.

മലയാളത്തില്‍ മാത്രം 18 സിനിമകളുടെ ചിത്രീകരണമാണ് പ്രതിസന്ധിയിലായത്. അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. വാണിജ്യസിലിണ്ടര്‍ വിതരണം നിര്‍ത്തിയത് ഹോട്ടലുകളെയും കാന്റീനുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഈ പ്രതിസന്ധി സിനിമാ സെറ്റുകളെ പൂര്‍ണമായി നിശ്ചലമാക്കിയിട്ടില്ലെങ്കിലും അണിയറപ്രവര്‍ത്തകരുടെ ഭക്ഷണത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഏകദേശം 18 സിനിമകളുടെ ചിത്രീകരണത്തെ ഇത് ബാധിച്ചേക്കാമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

5 കോടി രൂപയുടെ നഷ്ടവും 18 സിനിമകള്‍ മുടങ്ങുമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്. രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക്ക് കൂടി മാത്രമേ കൈവശമുള്ളൂവെന്നും, ഈ സാഹചര്യം തുടര്‍ന്നാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. സെറ്റുകളില്‍ ഭക്ഷണം നല്‍കുന്ന കാറ്ററിങ് ഏജന്‍സികള്‍ വിറക് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ടോളിവുഡിലും ബംഗാളി സിനിമാ ചിത്രീകരണമേഖലയിലും സമാന പ്രതിസന്ധി നിലവിലുണ്ട്. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങളും കാറ്ററിങ് ഏജന്‍സികള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *