വിവാഹത്തിന് പിന്നാലെ മൊണാലിസ ഭോസ്ലെയുടെ ഭർത്താവ് ഫർമാൻ ഖാൻ പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘എന്നെ ഇങ്ങനെയാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത്’ എന്ന കുറിപ്പോടെയാണ് ഫർമാൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹവാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഈ പഴയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഹൃദയം തകർന്നതും പ്രണയപരാജയവും സൂചിപ്പിക്കുന്ന ഹാഷ്ടാഗുകളോടെയാണ് ഫർമാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശ്വാസത്തെയും വേദനയെയും കുറിച്ചുള്ള ഈ സന്ദേശം പലരിലും സങ്കടമുണർത്തി. ചിലർ വിശ്വാസവഞ്ചനയെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചപ്പോൾ, മറ്റുചിലർ ഫർമാന് പിന്തുണയുമായി രംഗത്തെത്തി.
2025-ലെ മഹാകുംഭമേളയിൽ രുദ്രാക്ഷവും മാലകളും വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മൊണാലിസ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മോഡലിംഗ് രംഗത്തേക്ക് കടന്ന മൊണാലിസ, നടനും മോഡലുമായ ഫർമാൻ ഖാനെ വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് തിരുവനന്തപുരത്തെ പോലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയ ശേഷമാണ് ഇവർ വിവാഹിതരായത്.
ഫർമാന്റെ വൈകാരികമായ വീഡിയോയ്ക്ക് താഴെ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. ‘ഞാൻ ഇപ്പോഴും ആ വിഷമത്തിലാണ്’, ‘ഇനിയെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ’ എന്നിങ്ങനെ ചിലർ സഹതാപം പ്രകടിപ്പിച്ചപ്പോൾ, ‘കലിയുഗത്തിൽ ചതി എന്നത് എല്ലാവർക്കും ലഭിക്കുന്ന പ്രസാദമാണ്’ എന്നായിരുന്നു ചിലരുടെ തത്വശാസ്ത്രപരമായ കമന്റുകൾ.
അതേസമയം, വീഡിയോയുടെ ആധികാരികതയെ കളിയാക്കിക്കൊണ്ട് ‘കഴുത്തിലെ നെക്ക് ബാൻഡ് എങ്കിലും ഊരിവെക്കാമായിരുന്നു, എങ്കിൽ കുറച്ചുകൂടി റിയൽ ആയി തോന്നിയേനെ’ എന്ന തരത്തിലുള്ള രസകരമായ പ്രതികരണങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു.




