Featured Good News

പൂജയ്ക്കുശേഷം പൂക്കള്‍ക്കൊപ്പം കനാലിലെറിഞ്ഞത് 2 ലക്ഷം! രക്ഷകരായി ഫയർഫോഴ്സ്- വീഡിയോ

പൂജയ്ക്ക് ശേഷം പൂക്കളും മറ്റ് പ്രാർത്ഥനാസാമഗ്രികൾക്കൊപ്പം അറിയാതെ കനാലിലെറിഞ്ഞ 2 ലക്ഷം രൂപ സാഹസികമായി വീണ്ടെടുത്ത് അഗ്നിശമനസേന. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ അത്ഭുതപ്പെടുത്തിയ ഈ സംഭവം നടന്നത്.

സൂറത്തിലെ പൂനാ റോഡ് പ്രദേശത്തെ നിജാനന്ദ് സൊസൈറ്റിയിൽ താമസിക്കുന്ന ലിംബ കുടുംബത്തിനാണ് ഈ അബദ്ധം പിണഞ്ഞത്. വീട്ടിൽ നടന്ന പൂജയ്ക്ക് ശേഷം പൂക്കളും മറ്റ് പ്രാർത്ഥനാസാമഗ്രികളും കനാലിൽ നിമജ്ജനം ചെയ്യുന്നതിനിടെയാണ് അശ്രദ്ധമായി പണമടങ്ങിയ ബാഗും വെള്ളത്തിലേക്ക് എറിഞ്ഞത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ അബദ്ധവശാൽ പൂജാസാമഗ്രികൾക്കൊപ്പം ബാഗിൽ പെട്ടുപോവുകയായിരുന്നു.

പണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞ ഉടൻ കുടുംബം ഫയർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് ദുംഭാൽ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി കനാലിൽ തിരച്ചിൽ ആരംഭിച്ചു. ഒഴുക്കുള്ള വെള്ളത്തിലെ വെല്ലുവിളികൾ വകവെക്കാതെ അഗ്നിശമനസേനാംഗങ്ങൾ നടത്തിയ കഠിനമായ പരിശ്രമത്തിനൊടുവിൽ 500 രൂപയുടെ നാല് നോട്ടുകെട്ടുകൾ (ആകെ 2 ലക്ഷം രൂപ) കണ്ടെത്താനായി.

സുരക്ഷിതമായി വീണ്ടെടുത്ത പണം ലിംബ കുടുംബത്തിന് കൈമാറി. തിരച്ചിലിനിടെ കനാലിലെ കുപ്പിച്ചില്ലുകൾ തട്ടി രണ്ട് സേനാംഗങ്ങൾക്ക് നിസ്സാര പരിക്കേറ്റു. തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കാൻ സഹായിച്ച ദുംഭാൽ ഫയർ ബ്രിഗേഡ് ജീവനക്കാർക്ക് കുടുംബം ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *