
കഴുത്തിലെയും കക്ഷത്തിലെയും ചര്‍മ്മം ഇരുണ്ട് വെല്‍വെറ്റ് പോലെയാകുന്നത് വെറുമൊരു സൗന്ദര്യപ്രശ്നമല്ല, മറിച്ച് ശരീരത്തിനുള്ളിലെ ചില ആരോഗ്യമാറ്റങ്ങളുടെ സൂചനയാകാം. മെറിലാന്‍ഡ് ആസ്ഥാനമായുള്ള ഡോക്ടര്‍ കുനാല്‍ സൂദ് ഇതിനെക്കുറിച്ച് പറയുന്നത്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് (Insulin resistance) പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചര്‍മ്മത്തിന്റെ ചില ഭാഗങ്ങളില്‍ കറുപ്പ് നിറം വരാമെന്നാണ്.
ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കഴുത്തിലും കക്ഷത്തിലും ചര്‍മ്മം ഇരുണ്ടിരിക്കുന്നത് പലരിലും കാണാറുണ്ട്. ആദ്യകാഴ്ചയില്‍ ഇത് വൃത്തിക്കുറവ് കൊണ്ടാണെന്ന് തോന്നാമെങ്കിലും, വാസ്തവം അതല്ല. സോപ്പിട്ട് ഉരച്ചു കഴുകുന്നത് കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടില്ല.
അകാന്തോസിസ് നൈഗ്രിക്കന്‍സ് (Acanthosis nigricans) എന്നാണ് ഈ അവസ്ഥയുടെ പേര്. ചര്‍മ്മം തടിക്കുകയും കറുത്ത് വെല്‍വെറ്റ് പോലെയാകുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നത് കൊണ്ട് സംഭവിക്കുന്നതല്ല. ‘സാധാരണയായി, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് മൂലമുണ്ടാകുന്ന ഉയര്‍ന്ന ഇന്‍സുലിന്‍ അളവുമായി ഇതിന് ബന്ധമുണ്ട്. അതുകൊണ്ടാണ് പ്രീ-ഡയബറ്റിസ് (Prediabetes), ടൈപ്പ് 2 ഡയബറ്റിസ്, പി.സി.ഒ.എസ് (PCOS) എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കുന്നത്,’ – ഡോക്ടര്‍ പങ്കുവെച്ചു.
അകാന്തോസിസ് നൈഗ്രിക്കന്‍സ് പടരുന്നതോ അല്ലെങ്കില്‍ സ്വയം ദോഷകരമായതോ ആയ രോഗമല്ല. എങ്കിലും, ഇത് ഉണ്ടാകാന്‍ കാരണമാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കൃത്യമായ ചികിത്സ ആവശ്യമാണ്. ചര്‍മ്മത്തിലെ കറുപ്പ് മാറ്റാന്‍ ശക്തിയായി ഉരച്ചു കഴുകുകയല്ല വേണ്ടതെന്ന് ഡോ. സൂദ് പറയുന്നു. മറിച്ച്, ഇതിന് കാരണമായ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പരിഹരിക്കുകയാണ് വേണ്ടത്.
പേശികള്‍, കൊഴുപ്പ്, കരള്‍ എന്നിവയിലെ കോശങ്ങള്‍ ഇന്‍സുലിന്‍ ഹോര്‍മോണിനോട് ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്. ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു, ഇത് നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നു.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക
പോഷകസമൃദ്ധമായ ഭക്ഷണം – പഞ്ചസാരയും ചീത്ത കൊഴുപ്പും കുറയ്ക്കുക. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് കൂടുന്നത് തടയാന്‍ പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം കഴിക്കുക.
വ്യായാമം – സ്ഥിരമായി വ്യായാമം ചെയ്യുന്നത് രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ പേശികളെ സഹായിക്കുകയും ഇന്‍സുലിന്റെ ആവശ്യം കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കുക – അമിതഭാരം കുറയ്ക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും.



