പെരുമ്പാവൂര്‍: കീഴില്ലത്ത് യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലില്‍ ജോയിയുടെ മകള്‍ ജിബി ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് ശേഷം വൈകാതെ ജിബിയോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂര്‍ ഇരപ്പുംകുടി ലൈജു (47)വിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30 നാണു സംഭവം. കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിനു പിന്നിലെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഒപ്പം ഏഴ് വയസ് പ്രായമുള്ള മകനുമുണ്ട്. ഹോട്ടല്‍ ജോലിക്കിടെ ഇവര്‍ പിന്നിലെ മുറിയിലേയ്‌ക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും ഇവര്‍ തിരികെ വരാത്തതിനാല്‍ മകന്‍ വീടിനുള്ളില്‍ തിരക്കി പോയപ്പോഴാണ് ചലനമറ്റ് കിടക്കുന്ന ജിബിയെ കണ്ടത്. ഇതിനിടെ ലൈജു ബൈക്കുമായി പുറത്തേയ്‌ക്ക് പോയി. ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് പേഴയ്‌ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴുത്തില്‍ ബാന്റ്‌എയ്‌ഡ് ഉപയോഗിച്ച് മുറുക്കിയിരുന്നു. കൈയിലും തലയിലും പരുക്കേറ്റ അടയാളങ്ങളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇതേ ദിവസം ഏകദേശം ഉച്ചയോടെയാണ് എ.എം.റോഡില്‍ പെരുമ്പാവൂര്‍ പട്ടാല്‍ ഭാഗത്ത് വച്ച് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ലൈജുവിന് പരിക്കേറ്റത്. ഉടനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവരും നേരത്തേ വേറെ വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയവരാണെന്ന് പോലീസ് പറയുന്നു. ആദ്യഭാര്യയ്‌ക്ക് ജീവനാംശം നല്‍കാത്തതിനേ തുടര്‍ന്ന് ലൈജു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
കോതമംഗലം നാടുകാണിയില്‍ വിവാഹം കഴിച്ചുപോയ ജിബി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ലൈജുവുമായി അടുപ്പത്തിലാവുകയായിരുന്നു. കോതമംഗലത്ത് പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ലൈജു പിന്നീട് ജിബിയേയും കൂട്ടി കീഴില്ലത്തേയ്‌ക്ക് താമസം മാറി. 10 കൊല്ലത്തോളമായി ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ആദ്യബന്ധത്തില്‍ ലൈജുവിനും ജിബിക്കും രണ്ടു കുട്ടികള്‍ വീതമുണ്ട്. കുറുപ്പംപടി പോലീസ് കേസെടുത്തു.




