Healthy Food

പഴങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടുമോ? നാരുകൾ ഗ്ലൂക്കോസ് ആഗിരണത്തെ എങ്ങനെ സ്വാധീനിക്കുന്നു ?

പഞ്ചസാരയുടെ ഉപയോഗത്തെക്കുറിച്ച് അവബോധം വർദ്ധിച്ചതോടെ, നാം കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളെപ്പോലും പലരും സംശയത്തോടെ നോക്കിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പഴങ്ങളിലെ പഞ്ചസാരയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി നൽകുകയാണ് യുകെ ആസ്ഥാനമായുള്ള പ്രശസ്ത ശസ്ത്രക്രിയാ വിദഗ്ധനും ഹെൽത്ത് ഇൻഫ്ലുവൻസറുമായ ഡോ. കരൺ രാജൻ. ഈ വിഷയത്തിലെ വസ്തുതകൾ വ്യക്തമാക്കിയത്.

പഴങ്ങൾ അമിതമായി കഴിക്കുന്നത് ദോഷകരമാണോ? സാങ്കേതികമായി പറഞ്ഞാൽ പഴങ്ങൾ അമിതമായി കഴിക്കാൻ സാധിക്കുമെങ്കിലും, ഭൂരിഭാഗം ആളുകളും ആ പരിധിക്ക് അടുത്തെങ്ങുമല്ലെന്ന് ഡോ. രാജൻ പറയുന്നു. ഒരാൾ അമിതമായി വ്യായാമം ചെയ്യുന്നു എന്ന് പറയുന്നതുപോലെ അസാധ്യമായ ഒന്നാണിത്. നിങ്ങൾക്ക് പഞ്ചസാരയുടെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ, നിങ്ങൾ കുറയ്ക്കേണ്ടത് അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളിലെ (Ultra-processed foods) പഞ്ചസാരയാണ്, അല്ലാതെ ആപ്പിളിലെ പഞ്ചസാരയല്ല. കാരണം, പഴങ്ങളിലെ പഞ്ചസാരയോടൊപ്പം നാരുകൾ (Fibre), വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ടാണ് പഴങ്ങളിലെ പഞ്ചസാര വ്യത്യസ്തമാകുന്നത്? ദീർഘകാലം നാരുകളില്ലാതെ പഞ്ചസാര മാത്രം കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ (Metabolic health) ബാധിച്ചേക്കാം. എന്നാൽ നാരുകളോടൊപ്പം പഞ്ചസാര കഴിക്കുമ്പോൾ ശരീരം സാധാരണ രീതിയിലാണ് പ്രതികരിക്കുന്നത്. മിഠായിയിലോ സോഡയിലോ ഉള്ള പഞ്ചസാര കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നു. എന്നാൽ നാരുകൾ അടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് നില ക്രമമായി മാത്രമേ വർദ്ധിക്കുകയുള്ളൂ.

നാരുകൾ (Fibre) എങ്ങനെ സഹായിക്കുന്നു? നാരുകൾ ദഹനപ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. ഇതിനാൽ പഞ്ചസാര 20 മിനിറ്റിനുള്ളിൽ രക്തത്തിൽ കലരുന്നതിന് പകരം 2-3 മണിക്കൂർ എടുത്താണ് ആഗിരണം ചെയ്യപ്പെടുന്നത്. കൂടാതെ:

  • നാരുകൾ പഞ്ചസാര തന്മാത്രകളുമായി ഒട്ടിപ്പിടിക്കുന്നതിനാൽ, പഞ്ചസാര പൂർണ്ണമായി ആഗിരണം ചെയ്യപ്പെടാതെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു.
  • ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു, അതായത് കുറഞ്ഞ ഇൻസുലിൻ ഉപയോഗിച്ച് തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ ശരീരത്തിന് സാധിക്കുന്നു.
  • വയർ നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ചുരുക്കത്തിൽ, പഴങ്ങളിലെ പഞ്ചസാരയോടൊപ്പം തന്നെ അത് നിയന്ത്രിക്കാനുള്ള സംവിധാനവും (Off switch) പ്രകൃതി ഒരുക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ ഭീതി ഒഴിവാക്കുക സോഷ്യൽ മീഡിയ ഇന്ന് എല്ലാ ഭക്ഷണങ്ങളെയും ഭീതിയോടെയാണ് ചിത്രീകരിക്കുന്നതെന്ന് ഡോ. രാജൻ ചൂണ്ടിക്കാട്ടുന്നു. കാർബോഹൈഡ്രേറ്റും കൊഴുപ്പും പഴങ്ങളും പച്ചക്കറികളുമെല്ലാം മോശമാണെന്ന് വരുത്തിത്തീർക്കുന്നത് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനും തെറ്റായ ഭക്ഷണരീതികൾക്കും മാത്രമേ കാരണമാകൂ. ഇത്തരം അനാവശ്യ ഭീതികൾ ഉപേക്ഷിച്ച് പോഷകഗുണമുള്ള സമീകൃതാഹാരം ശീലമാക്കാനാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.