യാത്ര തുടങ്ങാനിരിക്കെ അവസാന നിമിഷം മാനേജർ അവധി റദ്ദാക്കിയതിനെത്തുടർന്ന്, ഒരു ജെൻ സി ജീവനക്കാരി സിമ്രാൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജോലിയേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള പുതിയ സംവാദങ്ങൾക്കാണ് ഇത് തുടക്കമിട്ടത്.
താൻ യാത്ര പോകുന്ന വിവരം ആഴ്ചകൾക്ക് മുൻപേ മാനേജറെ അറിയിച്ചിരുന്നുവെന്ന് സിമ്രാൻ വീഡിയോയിൽ പറയുന്നു. അന്ന് മാനേജർ എതിർപ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി വിമാനത്തിൽ കയറാൻ തയ്യാറെടുക്കുമ്പോഴാണ്, അടിയന്തര ജോലിയുണ്ടെന്ന് പറഞ്ഞ് അവധി റദ്ദാക്കിയ വിവരം തന്നെ അറിയിക്കുന്നത്.
ഈ അനുഭവം തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്ന് സിമ്രാൻ പറഞ്ഞു. ഇത് കൃത്യമായ ആശയവിനിമയത്തിന്റെ പരാജയമാണെന്നും ജീവനക്കാരുടെ വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അനാദരവാണെന്നും അവർ കൂട്ടിച്ചേർത്തു. ജോലിസ്ഥലത്ത് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാമെങ്കിലും, അത് തുടർച്ചയായി ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളെ ബാധിക്കരുത്. താൻ ജോലി ചെയ്യുന്നത് ജീവിതം ആസ്വദിക്കാനും യാത്രകൾ ചെയ്യാനുമാണെന്നും, അവസാന നിമിഷം വരുന്ന ആവശ്യങ്ങൾക്കായി ജീവനക്കാർ എപ്പോഴും തയ്യാറായിരിക്കണമെന്ന് കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഓൺലൈനിൽ ലഭിക്കുന്നത്. സ്വന്തം വ്യക്തിജീവിതത്തിന് മുൻഗണന നൽകാനും കൃത്യമായ അതിരുകൾ നിശ്ചയിക്കാനും ജീവനക്കാർക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് നിരവധി പേർ സിമ്രാനെ പിന്തുണച്ചു.
എന്നാൽ, അവധി ഔദ്യോഗികമായി അംഗീകരിച്ചിരുന്നോ എന്ന് ചിലർ ചോദ്യമുയർത്തി. യാത്ര പുറപ്പെടുന്നതിന് മുൻപ് അവധിക്ക് ഔദ്യോഗിക അനുമതി ലഭിച്ചെന്ന് ജീവനക്കാർ ഉറപ്പുവരുത്തണമെന്ന് അവർ വാദിച്ചു. അവധിക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ജീവനക്കാരനാണെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം, ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ചിട്ടും കൃത്യസമയത്ത് അത് നിരസിച്ചില്ലെങ്കിൽ, പകരം സംവിധാനം ഒരുക്കേണ്ടതും വ്യക്തമായി ആശയവിനിമയം നടത്തേണ്ടതും മാനേജറുടെ ചുമതലയാണെന്ന് മറ്റുചിലർ തിരിച്ചടിച്ചു. തൊഴിലിടങ്ങളിലെ ഉത്തരവാദിത്തത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള തർക്കം ഇപ്പോഴും തുടരുകയാണ്.




