ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്.
വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇഷാനും പുറത്തായി. 24 പന്തില്‍നിന്ന് 61 റണ്‍സാണ് ഇഷാന്റെ സംഭാവന. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത തിലക് വര്‍മ്മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. 7 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 104 .
ട്വന്‍റി 20 ലോകകപ്പില്‍ ടോസ് നേടിയ നമീബിയ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായ അഭിഷേക് ശര്‍മയ്ക്ക് പകരം സഞ്ജു ടീമിലെത്തിയത്. സിറാജിന് പകരം ബുംറ ടീമിലെത്തി. വയറിലെ അണുബാധയെ തുടര്‍ന്ന് യുഎസ്എയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങിന് ശേഷം അഭിഷേക് ഫീല്‍ഡിലെത്തിയിരുന്നില്ല. കാലാവസ്ഥയിലെ മാറ്റവും കൂടിയായപ്പോള്‍ കടുത്ത പനിയും ബാധിച്ചു. നിര്‍ജലീകരണവും സംഭവിച്ചതോടെ താരം തളര്‍ന്നു. ഇതോടെയാണ് ആശുപത്രിയില്‍ എത്തിയത്. ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിലും അഭിഷേക് ഉണ്ടായിരുന്നില്ല.
ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ പറഞ്ഞു. മഞ്ഞുവീഴ്ച വലിയ ഘടകമായിരിക്കുമെന്നും സ്കോര്‍ പ്രതിരോധിച്ച് ജയിക്കുന്നത് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും സൂര്യ പറഞ്ഞു. അഭിഷേക് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വരും. പകരം ടീമിലെത്തുന്ന സഞ്ജു ഏകദേശം സമാന ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഇന്ത്യന്‍ ടീം: സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
നമീബിയ: ലൗറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെജെ സ്മിറ്റ്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംപിൾമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷിക്കോംഗോ, മാക്സ് ഹീംഗോ.




