Crime Featured

ചേതന്റെ മൂന്ന് ഭാര്യമാരും സഹോദരികള്‍, 3 പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 16 വയസ്സിൽ താഴെയുള്ള മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അമിതമായി കൊറിയൻ വിനോദ പരിപാടികൾ കാണുന്നു എന്നാരോപിച്ച് പിതാവ് ചേതൻ കുമാർ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതാണ് സംഭവങ്ങളുടെ തുടക്കം. വൈദ്യുതി ബില്ല് അടയ്ക്കാനാണ് ഫോൺ വിറ്റതെന്ന് പിതാവ് പറയുന്നു.

സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ഇയാൾ കുടുംബം പുലർത്തിയിരുന്നത്.

അന്ന് രാത്രി സംഭവിച്ചത്

കൊറിയൻ സിനിമകളുടെയും പാട്ടുകളുടെയും വലിയ ആരാധകരായിരുന്ന പെൺകുട്ടികൾ, സംഭവദിവസം രാത്രി അമ്മയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയിരുന്നു. എന്നാൽ അവർക്ക് ഇഷ്ടപ്പെട്ട കൊറിയൻ ആപ്പുകളോ ദൃശ്യങ്ങളോ അതിൽ കാണാൻ സാധിച്ചില്ല. ഓൺലൈൻ ഗെയിമുകൾ കളിക്കാനോ കൊറിയയിലുള്ള സുഹൃത്തുക്കളുമായി സംസാരിക്കാനോ കഴിയാത്തത് പെൺകുട്ടികളെ മാനസികമായി തളർത്തിയെന്ന് പോലീസ് പറയുന്നു.

മരിച്ച നിഷിക (16), പ്രാചി (14), പാഖി (12) എന്നിവർക്ക് അമ്മമാരേക്കാൾ കൂടുതൽ അടുപ്പം അച്ഛനോടായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ ആത്മഹത്യാക്കുറിപ്പിൽ അമ്മമാരെക്കുറിച്ച് പരാമർശിക്കാതെ അച്ഛനെ മാത്രം അഭിസംബോധന ചെയ്തതെന്ന് കരുതപ്പെടുന്നു.

അസാധാരണമായ കുടുംബ പശ്ചാത്തലം

ചേതൻ കുമാറിന് മൂന്ന് ഭാര്യമാരാണുള്ളത്—സുജാത, ഹീന, ടീന. ഇവർ മൂവരും സ്വന്തം സഹോദരിമാരാണ് എന്നതാണ് ഈ കേസിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒൻപത് പേജുള്ള ഡയറിക്കുറിപ്പുകളിൽ ഇവർക്ക് കൊറിയൻ സംസ്കാരത്തോടുള്ള കടുത്ത ആരാധനയെക്കുറിച്ചും കുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചും സൂചനകളുണ്ട്.

പെൺകുട്ടികളുടെ പക്കൽ നിന്ന് വാങ്ങിയ ഫോണുകൾ ആർക്കാണ് വിറ്റതെന്ന് സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. അതിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനാണ് ശ്രമം. 2015-ൽ ചേതൻ കുമാറിൻ്റെ ലിവിൻ പാർട്ണറും സമാനമായ സാഹചര്യത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചിരുന്നു. അന്ന് അത് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *