Featured Spotlight

മൂന്നു പതിറ്റാണ്ടത്തെ താക്കറെ യുഗത്തിന് അന്ത്യം; മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി

മുംബൈ: ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍(ബി.എം.സി) തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം. 28 വര്‍ഷത്തെ താക്കറെ കുടുംബാധിപത്യത്തിന് അന്ത്യംകുറിച്ചാണ് മഹായുതിയുടെ വിജയം.
20 വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ച് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയും എം.എന്‍.എസ്. നേതാവ് രാജ് താക്കറെയും ഒന്നിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 227 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി. 90 സീറ്റ് നേടിയപ്പോള്‍ ശിവസേന(ഷിന്‍ഡെ) 27 സീറ്റില്‍ വിജയിച്ചു.
എന്നാല്‍, ഭരണമുന്നണിയില്‍പ്പെട്ട അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. മൂന്നു സീറ്റിലൊതുങ്ങി. ശിവസേന(യു.ബി.ടി) 67 സീറ്റ് നേടിയപ്പോള്‍ എം.എന്‍.എസിന് ഒമ്പതു സീറ്റും എന്‍.സി.പി(എസ്.പി) ഒരു സീറ്റും നേടി. കോണ്‍ഗ്രസിന് 23 ഡിവിഷനുകളില്‍ വിജയിക്കാനായി.
സംസ്ഥാനത്താകെയുള്ള മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബി.ജെ.പിക്ക് 1421 ഡിവിഷനുകളിലാണ് വിജയിക്കാനായത്. ശിവസേന(ഷിന്‍ഡെ) 365, കോണ്‍ഗ്രസ് 317, ശിവസേന(ഉദ്ധവ്) 162, എന്‍.സി.പി(അജിത് പവാര്‍) 159, എ.ഐ.എ.ഐ.എം. 94, എന്‍.സി.പി(എസ്.പി) 29, എം.എന്‍.എസ്. 18, വി.ബി.എ. 15, മറ്റുള്ളവര്‍ 226 എന്നിങ്ങനെയാണ് കക്ഷിനില. നവിമുംബൈ, താനെ, നാസിക്, പുനെ, പന്‍വേല്‍, കല്യാണ്‍ ദോംബിവ്‌ലി, സംഭാജിനഗര്‍, നാഗ്പുര്‍, സോലാപ്പുര്‍, അമരാവതി, കോര്‍പറേഷനുകളില്‍ ബി.ജെ.പി. സഖ്യം നേട്ടമുണ്ടാക്കി. ഭിവണ്ടി നിസാംപുര്‍, കോലാപ്പുര്‍, ചന്ദ്രപ്പുര്‍, ലാത്തൂര്‍ കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മലേഗാവില്‍ എ.ഐ.എം.ഐ.എം. ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.