Featured Healthy Food

നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നു പറയുന്നതിനു കാരണമുണ്ട്, അറിയുക

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്ന് മിക്ക ഡോക്ടര്‍മാരും തങ്ങളുടെ രോഗികളോട് ആവശ്യപ്പെടാറുണ്ട്. പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. സസ്യാഹാരങ്ങളില്‍ മാത്രം  അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നത്  ഏററവും കൂടുതല്‍ നാരുകള്‍ ഉള്ളവ മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്.

റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, കടല, ചെറുപയര്‍, സോയ പയര്‍, മുതിര, ചീര, കാബേജ്, കോളിഫ്‌ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം നെല്ലിക്ക, മുന്തിരി, നിലക്കടല, എള്ള്, കൊത്തമല്ലി, ജീരകം, കുരുമുളക് എന്നിവയിലൊക്കെ ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നു. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല. നാരുകള്‍ ഭക്ഷണത്തിലുണ്ടെങ്കില്‍ മറ്റ് സിംപിള്‍ അന്നജം രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം ഉയര്‍ത്തുന്നത് തടയുകയും ചെയ്യും. കാരണം ദഹനപ്രക്രിയ നീളുന്നു. ഗ്ലൂക്കോസ് രക്തത്തിലേക്ക് കടക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവായിരിക്കും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് അറിഞ്ഞിരിയ്ക്കാം…..

* നാരുകളാല്‍ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് വന്‍കുടല്‍, മലാശയം  എന്നിവിടങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

* നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും

* നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത്.

* കൃത്യമായ മലശോധന ഉറപ്പുവരുത്തുന്നു. മലബന്ധം ഇല്ലാതാക്കുന്നു.

* രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ജലത്തില്‍ ലയിക്കുന്ന നാരുകള്‍ക്കാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുള്ളത്.