Crime

‘വിവാഹിതയാണെന്ന് അറിഞ്ഞില്ല, ലൈംഗിക ബന്ധം പരസ്പരസമ്മതത്തോടെ, മുറി ബുക്ക് ചെയ്തത് പരാതിക്കാരി’; ജാമ്യാപേക്ഷയുമായി രാഹുല്‍

കൊച്ചി: ഹോട്ടലിൽ മുറി ബുക് ചെയ്തത് പരാതിക്കാരിയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹരജിയിലാണ് രാഹുൽ ഈ വാദങ്ങൾ ഉന്നയിച്ചത്. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്.

വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കാം എന്നടക്കമുള്ള വിശ്വാസത്തിലേക്ക് എത്തുകയും ശാരീരികബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തത്. ഉഭയസമ്മത പ്രകാരമുള്ളതായിരുന്നു ലൈംഗിക ബന്ധം പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് നന്നായി അറിയാം. പരാതിക്കാരി സ്വയം ഹോട്ടല്‍ മുറിയെടുത്തത് തെളിവാണെന്നും ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നു.

ബലം പ്രയോഗിച്ചോ അല്ലെങ്കിൽ നിർബന്ധിച്ചോ ഉള്ള ലൈംഗിക ബന്ധമല്ലെന്ന് വാദിക്കുന്നതിനാണ് ഇക്കാര്യം പറയുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞ സമയം തന്നെ അവരുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു എന്നും ആരോപണങ്ങൾ ഒന്നും തന്നെ നിലനിൽക്കില്ലെന്നുമാണ് രാഹുലിന്റെ ഭാഗം. നിലവിൽ എടുത്തിരിക്കുന്ന കേസ് ബാലിശമാണ്. തന്നെ ജയിലിൽ അടയ്ക്കാൻ വേണ്ടിയുള്ള പദ്ധതിയാണെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നു.

നാളെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡി.ജി.പിക്ക് നൽകിയ ബലാത്സംഗ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു പ്രത്യേക അന്വേഷണ സംഘം നീങ്ങിയത്. എസ്.പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെ.പി.എം ഹോട്ടലിൽനിന്ന് രാഹുലിനെ അർധരാത്രി കസ്റ്റഡിയിലെടുത്തത്. ലോക്കൽ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നല്‍കും.